പുനരുദ്ധാരണവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് ടി.എൻ പ്രതാപൻ എം.പി. സംസാരിക്കുന്നു
പീച്ചി. ഗവ.ആശുപത്രിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ടി.എൻ പ്രതാപൻ എംപി പറഞ്ഞു. പുനരുദ്ധാരണവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയുടെ പ്രവർത്തികൾക്കാണ് ഇപ്പോൾ തുടക്കമായത്. ഇതു കൂടാതെ പാണഞ്ചേരി പഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ച് 10 ലക്ഷം രൂപ കൂടി അനുവദിക്കുന്നുണ്ടെന്നും അതിനുള്ള എസ്റ്റിമേറ്റ് കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും പ്രതാപൻ പറഞ്ഞു. ആശുപത്രിക്ക് വേണ്ടി ഓഫീസ് റൂം, സ്റ്റാഫ് റൂം, ലബോറട്ടറി, ടോയ്‌ലറ്റ് എന്നിവയാണ് ഇപ്പോൾ നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മവും എംപി നിർവഹിച്ചു. മേൽക്കൂര പാടെ തകർന്ന് കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയതിനെ തുടർന്ന് എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉൾപ്പെടെ 10 ലക്ഷം രൂപ ചെലവിൽ കഴിഞ്ഞ വർഷം ട്രസ്സ് വർക്ക് നടത്തി ഓടു മേഞ്ഞ പുതിയ മേൽക്കൂര നിർമ്മിച്ചിരുന്നു.
1957ൽ പീച്ചി ഡാം കമ്മീഷൻ ചെയ്ത കലത്തു തന്നെയാണ് ഇറിഗേഷൻ ഡിപ്പാർട്ടമെന്റിന് കീഴിൽ പീച്ചി ഗവ. ഡിസ്‌പെൻസറിയും പ്രവർത്തനം തുടങ്ങിയത്. ഡാമിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ആരോഗ്യ പരിപാലനമായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് ആദിവാസി മേഖലയിൽ പെടുന്നവരുൾപ്പെടെ പാണഞ്ചേരി പഞ്ചായത്തിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് പീച്ചി ഗവ. ഡിസ്‌പെൻസറി ആശ്രയമായി മാറി. എന്നാൽ പിന്നീട് കാലാനുസൃതമായുള്ള നവീകരണങ്ങൾക്ക് മുഖം തിരിച്ചതും അവഗണനയും കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ അഭാവവും മൂലം കെട്ടിടം തകർച്ചയിലേക്ക് നീങ്ങി. ആശുപത്രിയുടെ പ്രവർത്തനം നിലയ്ക്കുന്ന സാഹചര്യവും ഉണ്ടായി. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡിസ്‌പെൻസറിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് വലിയ ജനകീയ പ്രതിഷേധം ഉയർന്നുവന്നു. ഒടുവിൽ ഡിസ്‌പെൻസറിയുടെ പ്രവർത്തനം തുടരാൻ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ പീച്ചി റസ്റ്റ് ഹൗസിലാണ് ആശുപത്രിയുടെ പ്രവർത്തനം താൽക്കാലികമായി നടന്നുവരുന്നത്.
പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ടാജറ്റ്, പി.എസ് വിനയൻ, പാണഞ്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത, വാർഡ് മെമ്പർ ബാബു തോമസ്, ബിജെപി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി എം ഷാജി, ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റഫീഖ ബീവി, വെള്ളാനിക്കര സാമൂഹ്യാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കെ എസ് ജയന്തി, ഹെഡ് വർക്ക്‌സ് സെക്ഷൻ അസി.എഞ്ചിനീയർ എ നവനീത്, പീച്ചി ഡിസ്‌പെൻസറിയിലെ ഡോ. പി.എസ് സന്തോഷ്, കെ. വിനിത എന്നിവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments