പട്ടിക്കാട് . മലയോര ഹൈവേയുടെ റൂട്ട് പാണഞ്ചേരി പഞ്ചായത്തിൽ മലയോര മേഖലയിലൂടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന് നിവേദനം നൽകാൻ ഇതു സംബന്ധിച്ച്
നാട്ടുകാരുടെയും രാഷ്ടീയ - സാമൂഹ്യ സംഘടനകളുടേയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിലവിൽ പീച്ചി ഡാം റോഡിലൂടെയും മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലൂടെയുമാണ് നിർദിഷ്ട മലയോര ഹൈവേയുടെ റൂട്ട്. എന്നാൽ ഇത് ഭൂരിപക്ഷ മലയോര മേഖലയുള്ള പാണഞ്ചേരിക്കു ഗുണകരമാവില്ലന്നാണ് നാട്ടുകാരുടെ നിലപാട്. വിലങ്ങന്നൂരിൽ നിന്നും പീച്ചി - പട്ടിലുംകുഴി- പൂളച്ചോട്- മൈലാട്ടുംപാറ - തെക്കുംപാടം - വഴുക്കുംപാറ റൂട്ടിലൂടെ മലയോര ഹൈവേ വന്നാൽ 9 കിലോമീറ്റർ ലാഭവും ഗ്രാമീണ മേഖലയുടെ വികസനവും സാധ്യമാകും എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം കാണിച്ച് നേരത്തെ നൽകിയ ആവശ്യം സർക്കാർ നിരാകരിച്ചിരുന്നു. മലയോര ഹൈവേയുടെ റൂട്ട് മാറ്റാൻ സാധിക്കില്ലന്നും റൂട്ട് മാറ്റിയാൽ പദ്ധതി പൂർത്തീകരണത്തിന് കാലതാമസം വരുമെന്നും ചെലവ് കൂടുമെന്നും സർക്കാർ വിശദീകരിച്ചു. റൂട്ട് മാറ്റം ആവശ്യപ്പെട്ട് ഹർജി നൽകിയ പരാതിക്കാരുമായുള്ള ഹിയറിങ്ങിന് ശേഷമാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. നിലവിൽപഞ്ചായത്തിന്റെ മലയോര മേഖലയിലൂടെ പരമാവധി മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ ഈ പാത ഉണ്ടാവൂ. ബാക്കിയിടങ്ങളിലെല്ലാം ദേശീയ പാതയിൽ ഇത് ലയിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് പൊതു പ്രവർത്തകനായ ഷാജി.ജെ.കോടങ്കണ്ടത്ത്, പഞ്ചായത്തംഗങ്ങളായ കെ.പി.എൽദോസ് ,സാലി തങ്കച്ചൻ എന്നിവർ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിച്ച കോടതി നാലു മാസത്തിനുള്ളിൽ മലയോര ഹൈവേയുടെ ഉദ്ദേശ ലക്ഷ്യങ്ങളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിൽ റൂട്ട് മാറ്റം സംബന്ധിച്ച തീരുമാനം എടുക്കാൻ ഉത്തരവിട്ടിരുന്നു. യോഗത്തിൽ അഡ്വ. ഷാജി ജെ . കോടങ്കണ്ടത്ത് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗം കെ.പി. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, ബിജോയ് ജോസ്, ബി,ജെപി പഞ്ചായത്ത് സമിതി അധ്യക്ഷൻ ഷാജി പീച്ചി, സി.വി. ജോസ്, കെ.പി. എൽദോസ്, യാക്കോബ് പയ്യപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments