ദേശീയപാത ടോൾ: നിരക്ക് വർധനയ്ക്കും കാലാവധി നീട്ടിയതിനും എതിരെ ഹൈക്കോടതി നോട്ടീസ്


കൊച്ചി. ടോൾ പിരിവിനുള്ള കാലാവധി നീട്ടിക്കൊണ്ട് ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയും തമ്മിലുണ്ടാക്കിയ കരാർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിൽ എതിർ കക്ഷികളായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ഉത്തരവിട്ടുകൊണ്ട് ഹൈക്കോടതി നോട്ടീസ് നൽകി.  മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും. പാലിയേക്കരയിൽ കരാർ  പ്രകാരം ടോൾ പിരിക്കാനുള്ള കാലാവധി 2026 വരെ ആയിരുന്നു. എന്നാൽ കാലാവധി 2028 വരെ നീട്ടിക്കൊണ്ട് ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും തമ്മിൽ അഡീഷണൽ കരാർ ഉണ്ടാക്കുകയായിരുന്നു.  ഈ കരാർ റദ്ദ് ചെയ്യാനും കോവിഡ് കാലത്ത് അന്യായമായി കൂട്ടിയ ടോൾ സംഖ്യ കുറയ്ക്കാനും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ടോൾ പിരിക്കുന്നതിന് അനുവാദം കൊടുത്തു കൊണ്ട് ദേശീയപാത അതോറിറ്റി കരാർ കമ്പനിക്ക് കൊടുത്ത കംപ്ലീഷൻ സർട്ടിഫിക്കറ്റിന് ഒപ്പമുള്ള കരാറിൽ പറയുന്ന  മുഴുവൻ പണികളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കാൻ നിർദേശിക്കണമെന്നും അഡ്വ. കെ.ബി. ഗംഗേഷ് മുഖേനെ കോടങ്കണ്ടത്ത്  നൽകിയ ഹർജിയിൽ പറയുന്നു. ജസ്റ്റിസ് എസ് മണികുമാറിന്റെ ബെഞ്ചിൽ ആണ് വാദം കേട്ടത്. 

മണ്ണുത്തി ഇടപ്പള്ളി ദേശീയപാത നിർമ്മാണത്തിന് ചെലവായ മുഴുവൻ തുകയും ലാഭവും ടോൾ ഇനത്തിൽ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. 2028 വരെ ടോൾ പിരിക്കുന്നതിന് വീണ്ടും അനുമതി നീട്ടി കൊടുക്കുക വഴി കരാർ കമ്പനിക്ക് വൻ ലാഭവും  ജനങ്ങൾക്ക് വലിയ നഷ്ടവും  മാത്രമേ ഉണ്ടാകൂ എന്ന് കോടങ്കണ്ടത്ത് പറഞ്ഞു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments