പീച്ചി. കെട്ടിട നമ്പർ, വെദ്യുതി കണക്ഷൻ എന്നിവ ലഭ്യമാക്കി നവംബർ ഒന്നിന് തന്നെ പീച്ചി സ്‌കൂളിലെ പുതിയ കെട്ടിടം പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. നവംബറിൽ സ്‌കൂളുകൾ തുറക്കുമ്പോൾ പീച്ചി സ്‌കൂളിലെ പുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കാൻ കഴിയുമോ എന്ന ആശങ്ക റവന്യൂമന്ത്രിയോട് സ്‌കൂൾ അധികൃതർ പങ്കുവെച്ചിരുന്നു. കാരണം, പുതിയ കെട്ടിടത്തിന് നമ്പറോ, വൈദ്യുതി കണക്ഷനോ ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം മന്ത്രി വിളിച്ചുചേർത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ ചെലവിട്ടാണ് കെട്ടിട നിർമ്മാണം പൂർത്തിയായത്. എന്നാൽ കെട്ടിട നമ്പറും വൈദ്യുതി കണക്ഷനും ലഭിക്കാത്തതിനാൽ ഹയർ സെക്കന്റെറി ക്ലാസ്സുകൾ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റാൻ കഴിയുമായിരുന്നില്ല. 24 മണിക്കുറിനുള്ളിൽ വൈദ്യുതി നൽകുമെന്ന് കെ എസ് ഇ ബി അധികൃതരും പഞ്ചായത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മാണം പൂർത്തികരിച്ച രേഖകൾ നൽകിയാൽ എത്രയും പെട്ടെന്ന് കെട്ടിട നമ്പർ അനുവദിക്കാമെന്ന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രനും യോഗത്തിൽ ഉറപ്പ് നൽകിയതായി മന്ത്രി പറഞ്ഞു. മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ടിന്റെ നിർമ്മാണം പൂർത്തീകരിക്കാനും കോർട്ടിൽ മഴ വെള്ളം കെട്ടിനിൽക്കുന്നതിന് പരിഹാരം കാണാനും മന്ത്രി കരാറുകാരന് നിർദ്ദേശം നൽകി. എല്ലാ പണികളും പൂർത്തിയാക്കി ഒക്ടോബർ 10ന് കരാറുകാരൻ കെട്ടിടം കൈമാറും.
തൃശൂർ തഹസിൽദാർ ജയശ്രീ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, പ്രിൻസിപ്പൽ കെ വിജയൻ, പിടിഎ പ്രസിഡന്റ് ചാക്കോ അബ്രഹാം. ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, കെഎസ്ഇബി അസി. എഞ്ചിനീയർ, പഞ്ചായത്ത് അസി. എഞ്ചിനീയർ, കരാറുകാരൻ തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments