തങ്കച്ചൻ മാസ്റ്ററുടെ സംസ്കാരം വെള്ളിയാഴ്ച

വിലങ്ങന്നൂർ. പാണഞ്ചേരി പഞ്ചായത്തിലെ പ്രമുഖ ഇംഗ്ലീഷ് അധ്യാപകനും പ്രഭാഷകനുമായിരുന്ന  തങ്കച്ചൻ മാസ്റ്ററുടെ സംസ്കാരം സെപ്തംബർ 24 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക് വിലങ്ങന്നൂർ സെ. ജോർജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടത്തും. ഇന്ന് രാവിലെ ആയിരുന്നു നിര്യാണം. 55 വയസ്സായിരുന്നു. പായ്ക്കണ്ടം കാരിയത്ത് വീട്ടിൽ പരേതനായ യാക്കോബിന്റെ മകൻ കെ.വൈ തങ്കച്ചൻ തൃശൂർ സെന്റ് തോമസ് കോളജിൽ നിന്നും ഇംഗ്ലീഷിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ  ശേഷം അധ്യാപന രംഗത്തേക്ക് കടന്നു വന്നു. ആഴമേറിയ വായനയും നിരീക്ഷണ പാടവും ഉണ്ടായിരുന്ന അദ്ദേഹം കുറഞ്ഞ കാലം കൊണ്ടു തന്നെ മികച്ച ഇംഗ്ലീഷ് അധ്യാപകനെന്ന പേര് സമ്പാദിച്ചു. 

പീച്ചി അൽവേർണിയയിൽ വൈദിക വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് അധ്യാപകനായി ഏറെക്കാലം പ്രവർത്തിച്ചു. എസ് ഒ എസ് കുട്ടികളുടെ ഗ്രാമത്തിലും അധ്യാപകനായി പ്രവർത്തിച്ചു വന്നിരുന്നു. പട്ടിക്കാട് മേസർ കോളേജ്, വാണിയമ്പാറ പ്രൊവിഡൻസ് കോളജ്, തൃശൂരിലെ ബ്രില്യൻസ് അക്കാദമി എന്നിവിടങ്ങളിലും ഇംഗ്ലീഷ് അധ്യാപകനായിരുന്നു. മേസറിൽ ബിരുദ ക്ലാസുകളിലെ ഇംഗ്ലീഷ് ക്ലാസ് അക്കാലത്ത് ജില്ലാ തലത്തിൽ പോലും ശ്രദ്ധ നേടിയിരുന്നു. പട്ടിക്കാട് ജെ.എം കോളജിലെ ട്യൂഷൻ അധ്യാപകനായിരിക്കെ നൂറുകണക്കിനു വിദ്യാർഥികളുടെ പ്രിയ അധ്യാപകനായും പല വിദ്യാർഥികളുടേയും മികച്ച ഭാവി നിർണയത്തിന്  പ്രചോദനമായും വർത്തിച്ചു. 5 വർഷമായി പട്ടിക്കാട് ലക്ഷ്യ അക്കാദമിയിലെ പ്രധാന അധ്യാപകനാണ്. നെഹ്റു യുവകേന്ദ്രയുടെ ഉൾപ്പെടെ സംസ്ഥാന തല പ്രസംഗ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. മികച്ച പ്രഭാഷകനും നടനും ചിന്തകനുമായിരുന്നു. വിവിധ തത്വചിന്താപരമായ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം പുലർത്തിയിരുന്നു. 1995 ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ചു. അമ്മ: ചിന്നമ്മ, സഹോദരങ്ങൾ: ബേബി, വത്സ. ഭാര്യ: ജെസി ; മക്കൾ: എഡ്വിൻ, ജെസ്ലിൻ. 

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്:
 https://www.facebook.com/primenewspananchery

Post a Comment

0 Comments