തൃശ്ശൂർ. ജില്ലയിലെ മലയോര കർഷകരായ 270 പേർക്ക് വനഭൂമി പട്ടയമായി. സംസ്ഥാന തല പട്ടയമേളയോടനുബന്ധിച്ച് താലൂക്ക് തല പട്ടയമേളയിലാണ് വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്തത്. തൃശൂർ താലൂക്ക്, തലപ്പിള്ളി താലൂക്ക്, ചാലക്കുടി താലൂക്ക് എന്നിവിടങ്ങളിലാണ് വനഭൂമി പട്ടയങ്ങൾ അർഹരുടെ കൈകളിലെത്തിയത്. തൃശൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്തത്. 216. ഇതിൽ 75 പട്ടയങ്ങൾ പീച്ചി വില്ലേജിലും 64 പട്ടയങ്ങൾ മാടക്കത്തറ വില്ലേജിലുമാണ് വിതരണം ചെയ്തത്. തലപ്പിള്ളി താലൂക്കിൽ 28, ചാലക്കുടി താലൂക്കിൽ 4 എന്നിങ്ങനെയും വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്തു. 1977 ന് മുൻപ് മലയോര മേഖലയിൽ കുടിയേറിയവർക്ക് സ്വന്തമായി പട്ടയം നൽകണമെന്ന 189/2019 സർക്കാർ ഉത്തരവിന്റെഅടിസ്ഥാനത്തിലാണ് വനഭൂമി പട്ടയങ്ങൾ 3 ഘട്ടങ്ങളിലായി നൽകണമെന്ന് കഴിഞ്ഞ സർക്കാർ തീരുമാനിച്ചത്. 40 വർഷമായി വളരെ ചുരുങ്ങിയ തോതിലാണ് ജില്ലയിൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യാനായത്. പട്ടയം ലഭിക്കാത്തതിന്റെ പേരിൽ കാലങ്ങളായി സർക്കാർ ആനുകൂല്യത്തിന് അർഹരല്ലാതെയാണ് മലയോര മേഖലയിലുള്ളവർ കഴിഞ്ഞിരുന്നത്. ഇതിനും പട്ടയമേളയിലുടെ പരിഹാരമാകുന്നു. റവന്യൂ, വനം വകുപ്പുകൾ ചേർന്ന് ജോയിന്റ് വെരിഫിക്കേഷൻ നടത്തിഇനിയും അർഹരെ കണ്ടെത്തി വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യാനാണ് പദ്ധതി.
ടൗൺ ഹാളിൽ നടന്ന സംസ്ഥാനതല പട്ടയമേള ഉദ്ഘാടന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ, ജില്ലയിലെ മറ്റു മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ആർ ബിന്ദു, കലക്ടർ ഹരിത വി കുമാർ തുടങ്ങിയവർ തൃശൂർ താലൂക്കിലെ 18 പേർക്ക് വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്തു. തുടർന്ന് പുറത്തെ വേദിയിലും വനഭൂമി പട്ടയ വിതരണം നടത്തി.

0 Comments