പീച്ചിയിൽ റവന്യൂ മന്ത്രി കെ. രാജൻ ബയോഫ്‌ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു
പീച്ചി. വിപണിയിൽ പീച്ചിയിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്നതിനായി പീച്ചി ബ്രാൻഡ് ഉണ്ടാക്കുമെന്നും പീച്ചിയുടെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. കേരള സർക്കാർ ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുഴയോരം ഫിഷ് ഫാമിൽ നടത്തിയ ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകളെ സംയോജിപ്പിച്ച് ഒല്ലൂർ മണ്ഡലത്തിൽ ഒരു സംയോജിത കൃഷിയുടെ വളർച്ചക്കാവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ബയോ ഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിൽ ആദ്യമായി ഈ പദ്ധതിയുടെ ഭാഗമായി താഴത്തുവളപ്പിൽ ടി.കെ ഭാസ്‌ക്കരൻ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പായിരുന്നു നടന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി മാജ ജോസ്, പീച്ചി മത്സ്യഭവൻ ഫീഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ.എം ജോയ്‌നി ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രൊജക്ട് കോർഡിനേറ്റർ അനഘ, ഫിഷറീസ് പ്രമോട്ടർ പ്രദീപ്, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യ വിസർജ്ജ്യത്തിലൂടെ ജലത്തിൽ കലരുന്ന അമോണിയയെ ഹെട്രോട്രോഫിക് ബാക്ടീരിയകളുടെ സഹായത്തോടെ കാർബൺ സ്രോതസ്സുമായി സംയോജിപ്പിച്ച് മത്സ്യത്തിന് ആവശ്യമായ തീറ്റയായി മാറ്റുന്ന അതിനൂതന കൃഷി രീതിയാണ് ബയോ ഫ്‌ളോക്ക് മത്സ്യകൃഷി. കുറഞ്ഞ സ്ഥലത്തു നിന്ന് കൂടുതൽ മത്സ്യം ഉൽപാദിപ്പിക്കാനും ജലത്തിന്റെ ഉപയോഗവും കൃത്രിമമായി നൽകേണ്ട മത്സ്യ തീറ്റയുടെ അളവും വളരെയധികം കുറയ്ക്കാനും സാധിക്കുന്നു. ഉയർന്ന വളർച്ചാ നിരക്കും രോഗപ്രതിരോധ ശേഷിയുമാണ് ഈ കൃഷിരീതിയുടെ മറ്റ് സവിശേഷതകൾ. ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥപനവും ചേർന്ന് 40 ശതമാനം സബ്‌സിഡിയും പരിശീലനവും കർഷകന് ലഭ്യമാക്കിയിരുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments