പട്ടിക്കാട്. കേരള സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് തലത്തിൽ നിർമ്മാണം പൂർത്തീകരിച്ച 30 വീടുകളുടെ നിർമ്മാണ പൂർത്തീകരണ പ്രഖ്യാപനം നടത്തി. സംസ്ഥാന സർക്കാർ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച പതിനായിരം വീടുകളുടെ പ്രഖ്യാപനമാണ് 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി നടത്തുന്നത്. പാണഞ്ചേരി പഞ്ചായത്തിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായി 181 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ നിർവ്വഹണ ഉദ്യോഗസ്ഥരായ ഈ പദ്ധതിയുടെ ധനസഹായ തുക ഗ്രാമ, ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഫണ്ട് ,സ്റ്റേറ്റ് ഫണ്ട്, ഹഡ്‌കോ ലോൺ എന്നിവ മുഖാന്തരമാണ് കണ്ടെത്തുന്നത്. ഇതുവരെ ഏഴ് കോടി രൂപ പഞ്ചായത്തിൽ ഈയിനത്തിൽ ചെലവഴിച്ചിട്ടുണ്ട്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ.വി സജു, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, കെ.വി അനിത, പഞ്ചായത്ത് അസി.സെക്രട്ടറി വാസുദേവൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുരിയൻ, ബിജോയ് ജോസ്, ജയകുമാർ ആദംകാവിൽ, റെജീന ബാബു, ബീന പൗലോസ്, അജിത മോഹൻദാസ്, ആനി ജോയ്, എം.ജെ അനീഷ് എന്നിവരും പങ്കെടുത്തു. നിർമ്മാണം പൂർത്തീകരിച്ച തെക്കുംപാടം എടത്തറ കമലം കുമാരന്റെ വീടിന്റെ താക്കോൽ ദാനവും നിർവഹിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments