അകവും പുറവും പുതുക്കി പീച്ചി ഗവ. ആശുപത്രി; പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു


പീച്ചി. കൂടുതൽ കരുത്തോടെയും സൗകര്യങ്ങളോടെയും പീച്ചി ഗവ.ആശുപത്രി ഒരുങ്ങുകയാണ്. എംപി ടി.എൻ പ്രതാപന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച  20 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം മേൽക്കൂര പാടെ ജീർണ്ണിച്ച്  കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയതിനെ തുടർന്ന്  എംഎൽഎ കെ. രാജന്റെ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉൾപ്പെടെ 10 ലക്ഷം രൂപ ചെലവിൽ ട്രസ്സ് വർക്ക് നടത്തി ഓടു മേഞ്ഞ പുതിയ മേൽക്കൂര നിർമ്മിച്ചിരുന്നു. അതേ തുടർന്ന് എംപി ഫണ്ട് വിനിയോഗത്തിനായി തയ്യാറാക്കിയ  എസ്റ്റിമേറ്റ് പുതുക്കിയതനുസരിച്ചുള്ള പണികളാണ്  ഇപ്പോൾ നടന്നുവരുന്നത്. ആശുപത്രി കെട്ടിടത്തോട് ചേർന്ന് നിർമ്മിക്കുന്ന മുറിയുടെ കോൺക്രീറ്റിംഗ് പൂർത്തിയായി. കെട്ടിടത്തിന്റെ  പഴയ പ്ലാസ്റ്ററിങ് മുഴുവൻ നീക്കം ചെയ്ത് പുതിയ പ്ലാസ്റ്ററിങ് നടത്തുന്ന പണികൾ മിക്കവാറും പൂർത്തിയായിട്ടുണ്ട്. ഫാർമസി വിഭാഗത്തിന്റെ  മേൽക്കൂരയുടെ മെയിൻസ്ലാബിന്റെ കോൺക്രീറ്റിംഗും കഴിഞ്ഞിട്ടുണ്ട്. പഴകി ദ്രവിച്ച കട്ടിളകളും ജനാലകളും
 
മാറ്റി സ്റ്റീലുകൊണ്ടുള്ള പുതിയവ സ്ഥാപിച്ചു. പ്ലാസ്റ്ററിങ് പണികൾ കുറച്ചുകൂടി പൂർത്തിയാക്കാനുണ്ട്. ഫ്‌ളോറിംഗ് പണികളും പെയിന്റിംഗും ഇലക്ട്രിക്കൽ പണികളുമാണ് ഇനി പ്രധാനമായും ചെയ്യാനുള്ളത്. ഇലക്ട്രിക് വർക്കുകളുടെ സാങ്കേതിക അനുമതിയ്ക്കായി  ഇലക്ട്രിക്കൽ വിഭാഗത്തിന് എസ്റ്റിമേറ്റ് നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് സമയബന്ധിതമായി ആ പണികളും ചെയ്യാനാകുമെന്നും ഒരു മാസത്തിനുള്ളിൽ മുഴുവൻ പണികളും പൂർത്തീകരിക്കാൻ കഴിയുമെന്ന് കരുതുന്നതായും പീച്ചി ഇറിഗേഷൻ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇ.എസ് ഗീത പറഞ്ഞു. പുതിയതായി 10 ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് എംപി ടി.എൻ പ്രതാപൻ നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ അറിയിച്ചിരുന്നു. അതുപയോഗിച്ച് അഡീഷണലായി  ഒരു മുറിയും മുഴുവൻ ഏരിയയുടെയും ടൈൽ വർക്കുകളും ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി പ്ലാനിങ് ബോർഡിന് സമർപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ സെപ്തംബർ 29നാണ് എംപി ടി.എൻ പ്രതാപൻ നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചെയ്തത്. പിന്നീട് വളരെ വേഗത്തിലാണ് പണികൾ നീങ്ങിയത്. ഇതിനോടകം എഴുപത് ശതമാനത്തോളം പണികൾ പൂർത്തിയായതായി കോൺട്രാക്ടർ ഷിബു പാറയിൽ പറഞ്ഞു. 
കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായാൽ പിന്നെ ഒട്ടും കാലതാമസമില്ലാതെ ഡിസ്‌പെൻസറിക്കുവേണ്ട മറ്റ് മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടത്. ഡോക്ടർമാരുടോയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സ്ഥിരം സാന്നിധ്യം  ഉറപ്പാക്കാനും ഫാർമ്മസി, ലാബ് എന്നിവയുടെ പ്രവർത്തനങ്ങൾ പൂർണ്ണ തോതിൽ സജ്ജമാക്കാനും അധികൃതർ നടപടികൾ എടുക്കണം.  വൻ തുകചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങൾ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതെ നശിച്ചു പോകുന്ന സംഭവങ്ങൾ  പലപ്പോഴും വാർത്തകളാണ്. അത്തരമൊരു അവസ്ഥ പീച്ചി ഗവ. ആശുപത്രിക്ക് സംഭവിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണം.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments