പാണഞ്ചേരി പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദനിൽ നിന്ന് ഊരുമൂപ്പൻ സദാനന്ദൻ പച്ചക്കറി തൈകൾ ഏറ്റുവാങ്ങുന്നു
താമരവെള്ളച്ചാൽ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമരവെള്ളച്ചാൽ ആദിവാസി ഗ്രാമത്തിൽ പോഷക ഗ്രാമം പദ്ധതിക്ക് തുടക്കമായി. പാർശ്വവൽക്കരിക്കപ്പെട്ട ജന സമൂഹങ്ങൾക്ക് ഭക്ഷ്യ പോഷക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വീടുകളിൽ പോഷക തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുക, കാർഷികാധിഷ്ടിത മേഖലകളിൽ സ്വയം തൊഴിൽ കണ്ടെത്തുക, നൈപുണ്യ വികസന പരിശീലനങ്ങൾ നൽകുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കേരള കാർഷിക സർവകലാശാലയുടെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ അജിത മോഹൻദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.എ ദീപു, കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. സുമ നായർ, ഡോ. സുലജ, ഡോ.അനീന, ഡോ. ദീപ ജെയിംസ് എന്നിവർ പങ്കെടുത്തു. ഊരുമൂപ്പൻ സദാനന്ദൻ പച്ചക്കറി തൈകൾ ഏറ്റുവാങ്ങി.
താമരവെള്ളച്ചാൽ മേഖലയിലെ കാർഷിക പ്രശ്‌നങ്ങളുടെ അവലോകനവും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ഡോ. സുലജ ചർച്ചാ ക്ലാസ്സ് നയിച്ചു. ആരോഗ്യകരമായ ആഹാരക്രമവും പോഷകഘടകങ്ങളുടെ പ്രാധാന്യവും എന്ന വിഷയത്തിൽ ഡോ. അനീനയും പച്ചക്കറി കൃഷിയിലെ രോഗകീട നിയന്ത്രണം ത്തെക്കുറിച്ച് ഡോ. ദീപ ജെയിംസും ക്ലാസുകൾ എടുത്തു. അമ്പതോളം വീടുകളുള്ള താമരവെള്ളച്ചാൽ ആദിവാസി ഗ്രാമത്തിൽ ഓരോ കുടുംബത്തിന്റെയും പോഷകാഹാരലഭ്യത ഉറപ്പുവരുത്തുന്നതിനായി കാർഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ നേതൃത്വം നൽകുമെന്ന് കൃഷിവിജ്ഞാനകേന്ദ്രം അധികൃതർ പറഞ്ഞു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments