പട്ടിക്കാട്. കേരളത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കുടംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട യോഗം പാണഞ്ചേരി പഞ്ചായത്തിൽ നടന്നു. സ്ത്രീകൾക്ക് സാമൂഹ്യ, സാംസ്‌കാരിക ജീവനോപാധി മേഖലകളിൽ പുതിയ ഇടം കണ്ടെത്തുന്നതിനും അവരുടെ സമഗ്രമായ ഉന്നമനവും ലക്ഷ്യമാക്കിയാണ് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. കൂടുതൽ സ്ത്രീകളെ കുടുംബശ്രീയുടെ കൂട്ടായ്മയിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും എത്തിക്കുക എന്നതും ഓക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ
വിഷയങ്ങളിലും സ്ത്രീ ശാക്തീകരണത്തിനും വനിതകളെ ബോധവൽക്കരിക്കുകയും സാമൂഹ്യപ്രശ്‌നങ്ങളിലും വിഷയങ്ങളിലുമുള്ള അവരുടെ ഇടപെടൽ ശേഷിയും വൈദഗ്ധ്യവും വർധിപ്പിച്ച് സാമൂഹ്യ വികസനത്തിൽ സ്ത്രീകളെ പങ്കാളികളാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ വാർഡിലെയും അയൽക്കൂട്ട അംഗങ്ങളല്ലാത്ത 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകളെ ഉൾപ്പെടുത്തിയാണ് ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുക. പരമാവധി 50 പേരാണ് ഒരു ഗ്രൂപ്പിൽ ഉണ്ടാവുക. ഓക്‌സിലറി ഗ്രൂപ്പിലെ അംഗങ്ങൾക്ക് വിവിധ കൈത്തൊഴിൽ മേഖലകളിലും കലാ സാംസ്‌കാരിക മേഖലകളിലുമൊക്കെ ഉൽപാദനപരമായ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനുള്ള സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കും. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിസോഴ്‌സ് പേഴ്‌സൺ സുജിത പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, കുടുംശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ, സിഡിഎസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments