ഒളകര. ഇന്നലെയുണ്ടായ കനത്ത മഴയിലും ശക്തമായ മലവെള്ള പാച്ചിലിലും പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒളകര കോളനിയിലേക്കുള്ള വഴിയിലെ തോടിന് കുറുകെയുണ്ടായിരുന്ന പാലത്തിനാണ് തകർച്ചയുണ്ടായത്. പാലത്തിന്റെ കൈവരിയോടു ചേർന്നുള്ള ഭാഗത്ത് വലിയ വിള്ളലുണ്ടായി. കൈവരിയോടു ചേർന്നുള്ള നാല് മീറ്ററോളം ഭാഗം മെയിൻ സ്ലാബിൽ നിന്ന് വേർപെട്ടിരിക്കുകയാണ്. തോടിന്റെ അരികിൽ നിൽക്കുന്ന മരത്തിൽ തടഞ്ഞു നിൽക്കുന്നതുകൊണ്ടു മാത്രമാണ് കൈവരി മലവെള്ള പാച്ചിലിൽ ഒഴുകി പോകാഞ്ഞത്. ഒളകരയിലേക്കുള്ള പ്രധാന റോഡിൽ നിന്ന് തിരിഞ്ഞ് വനംവകുപ്പിന്റെ കവാടവും കഴിഞ്ഞ് ഒളകര ആദിവാസി കോളനിയിലെ ജനവാസ മേഖലയിലേക്കുള്ള വഴിയിലാണ് പ്രദേശത്തെ ഏറ്റവും വലിയ തോടുള്ളത്.
ഈ തോടിനു കുറുകെയുള്ള പാലത്തിനാണ് തകർച്ചയുണ്ടായിരിക്കുന്നത്. 2014-15 സാമ്പത്തിക വർഷത്തിൽ സിഎൻ ജയദേവൻ എംപിയുടെ 8 ലക്ഷം രൂപയുടെ ഫണ്ടുപയോഗിച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പാലവും സമീപ റോഡും നിർമ്മിച്ചത്. പാലത്തിന്റെ തകർച്ചയെക്കുറിച്ചുള്ള വിവരമറിഞ്ഞതിനെ തുടർന്ന് ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നുള്ള തഹസിൽദാർ ജിതിഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, വാർഡ് മെമ്പർ സുബൈദ അബൂബക്കർ, പീച്ചി വില്ലേജ് ഓഫീസറുടെ താൽക്കാലിക ചുമതല വഹിക്കുന്ന പാണഞ്ചേരി വില്ലേജ് ഓപീസർ എ.എ ജയൻ എന്നിവർ ഒളകര പാലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇതു സംബന്ധിച്ച റിപ്പോർട്ട് തഹസിൽദാർ ജില്ല കളക്ടർക്ക് കൈമാറും.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments