പട്ടിക്കാട്. രാജ്യത്തിന്റെ പൊതു സ്വത്തുക്കൾ സ്വകാര്യ കുത്തകകൾക്ക് വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെയും നിലപാടുകളുടെയും തുടർച്ച തന്നെയാണ് ബാങ്കിംഗ് രംഗത്തും ദൃശ്യമാകുന്നതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ ജോ.സെക്രട്ടറി ബിജി ദിലീപ് പറഞ്ഞു. പട്ടിക്കാട് സി എസ് ബി ബാങ്കിന് മുന്നിൽ ജീവനക്കാർ നടത്തിവരുന്ന സമരത്തിന്റെ രണ്ടാം ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. സിഎസ്ബിയുടെ 51 ശതമാനം ഓഹരികൾ വിദേശ സ്വകാര്യ കുത്തകയ്ക്ക് കൈക്കലാക്കാൻ അവസരമൊരുക്കുക വഴി ജീവനക്കാരുടെയും ഇപാടുകാരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായ സമീപനമാണ് ബാങ്ക് അധികൃതർ സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു.
ബാങ്ക് ജീവനക്കാരുടെയും സംഘടനകളുടെയും സംയുക്ത ട്രേഡ് യൂണിയന്റെയും നേതൃത്വത്തിലാണ് പട്ടിക്കാട് കാത്തലിക് സിറിയൻ ബാങ്കിന് മുന്നിൽ സമരം നടന്നുവരുന്നത്. ഐഎൻടിയുസി മണ്ഡലം പ്രസിണ്ട് ബാബു തോമസ് ഇന്നത്തെ സമരപരിപാടികൾ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ല കൗൺസിൽ അംഗം കെ.എ അബൂബക്കർ അധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് നിശ്ചയിച്ച വേതനക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താൽക്കാലിക നിയമനം നിർത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ ഒക്ടോബർ 20,21,22 തിയതികളിൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സിഐടിയു ഏരിയ വൈസ് പ്രസിഡണ്ട് കെ.വി ചന്ദ്രൻ, ഐഎൻടിയുസി മണ്ഡലം സെക്രട്ടറി സജി താന്നിക്കൽ ബാങ്ക് ജീവനക്കാർ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments