നിവേദനം നൽകുന്നതിനായി ഷൈജു കുരിയന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തുന്നു
വിലങ്ങന്നൂർ. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നവംബർ 1ന് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പോയി വരുന്നതിനായി പീച്ചി തൃശൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാവുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ അധികൃതർക്ക് നിവേദനം നൽകി. സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരു സീറ്റിൽ ഒരു കുട്ടി എന്ന രീതിയിൽ സർവ്വീസ് നടത്തുന്നത് സ്‌കൂൾ ബസുകൾക്കും സ്വകാര്യ ബസുകൾക്കും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുമെന്നതിനാൽ
ഇവർ സർവ്വീസ് നടത്താൻ തയ്യാറാകുന്നില്ലെന്ന് ഷൈജു പറഞ്ഞു. ബസുടമകളും സ്‌കൂളധികൃതരും ആവശ്യപ്പെടുന്ന യാത്രാക്കൂലി നൽകി മക്കളെ സ്‌കൂളിൽ അയക്കുന്നത് സാധാരണക്കാരായ കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കും. പീച്ചി, പട്ടിക്കാട് ഹയർ സെക്കന്ററി സ്‌കൂളുകളേയും തൃശൂർ നഗരത്തിലെ വിവിധ സ്‌കൂളുകളെയുമാണ് പാണഞ്ചേരി പഞ്ചായത്തിലെ കുട്ടികൾ പ്രധാനമായും ആശ്രയിക്കുന്നത്. വിദ്യാർത്ഥികളുടെ യാത്രാക്കൂലിയും വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൺസഷൻ നിരക്കിൽ സ്‌കൂളിൽ പോകാൻ കെഎസ്ആർടിസി സംവിധാനമൊരുക്കുക എന്നതാണ് പരിഹാര മാർഗ്ഗം. ജനങ്ങൾ വലിയ സാമ്പത്തിക ദുരിതത്തിൽ കഴിയുന്ന ഈ കാലത്ത് പീച്ചി ഡാം, വെള്ളക്കാരിത്തടം, തെക്കേക്കുളം, കണ്ണാറ ഭാഗങ്ങളിൽ നിന്ന് തൃശൂരിലേക്കും തിരിച്ചും കൺസഷൻ നിരക്കിൽ കെഎസ്ആർടിസി സർവീസ് നടത്തി വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന് ഷൈജു കുരിയൻ ആവശ്യപ്പെട്ടു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, റവന്യു മന്ത്രി കെ. രാജൻ, ജില്ല ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്കാണ് നിവേദനം നൽകിയിരിക്കുന്നത്
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments