ദേശീയപാത കവർച്ച കേസിലെ പ്രതിയെ വഴക്കും പാറയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി

ഹക്കീമിനെ വഴുക്കുംപാറയിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

പട്ടിക്കാട്. ദേശീയപാതയിൽ വഴക്കുംപാറയിൽ  വെച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്ത കേസിൽ  പ്രതിയായ ആലത്തൂർ സ്വദേശി വാനൂർ വീട്ടിൽ ഹനീഫയുടെ മകൻ ഹക്കീമിനെ (38) ഇന്ന് കാലത്ത് കൊഴിഞ്ഞാമ്പാറ എസ്‌ഐ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വഴക്കും പാറയിൽ  എത്തിച്ച് തെളിവെടുപ്പ് നടത്തി. 2018 ഏപ്രിൽ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശ്ശൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന പച്ചക്കറി മൊത്ത വ്യാപാരി ആയിരുന്ന പൊള്ളാച്ചി കട്ടബൊമ്മൻ സ്ട്രീറ്റ് സ്വദേശി അരുൺ വെങ്കിടേഷ് പ്രഭുവിനെ തൃശൂരിൽ നിന്ന്  പിന്തുടർന്നിരുന്ന ഒരു സംഘം പണം അപഹരിക്കുന്നതിനായി വഴക്കും പാറയിൽ വെച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവ ദിവസം തൃശൂരിൽ നിന്നുള്ള യാത്രയ്ക്കിടെ വഴുക്കുംപാറയിൽ തന്റെ ബന്ധുവായ വ്യാപാരിയുടെ സ്ഥാപനത്തിൽ സന്ദർശനം നടത്തിയതിനു ശേഷം രാത്രി 

ഒന്നരയോടെയാണ് അരുൺ യാത്ര തുടർന്നത്. ഇതിനിടെ വഴുക്കുംപാറയിൽ നിന്ന അൽപം മുന്നോട്ടു നീങ്ങി കാർ തകരാറിലായി സഹായമഭ്യർത്ഥിക്കാനെന്ന  മട്ടിൽ നിന്നിരുന്ന സംഘത്തിലെ രണ്ടുപേർ അരുണിന്റെ കാറിന് കൈ കാണിച്ചു. കാർ നിർത്തിയപ്പോൾ ഇവർക്കൊപ്പം മറ്റു രണ്ടുപേർകൂടി കാറിൽ കയറി. പോലീസുകാർ എന്ന വ്യാജേന അരുണിനെ ഇവർ ചോദ്യം ചെയ്യാനും മർദ്ദിക്കാനും തുടങ്ങി. പാലക്കാട്  എസ്പി ഓഫീസിലേക്ക്  എന്നു പറഞ്ഞ് കൊഴിഞ്ഞാമ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഇയാളെ മർദ്ദിച്ച് അവശനാക്കി കയ്യിലുണ്ടായിരുന്ന 4,40,000 രൂപ കൈക്കലാക്കി. തുടർന്ന് ഇയാളുടെ വീട്ടിലേക്ക് വിളിപ്പിച്ച് 10 ലക്ഷം രൂപ തന്നില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷിപ്പെടുത്തി. രാത്രി തന്നെ സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുമായി പിറ്റേ ദിവസം രാവിലെ 6 മണിയോടെ വീട്ടുകാർ എത്തിയപ്പോഴാണ്  ഗോപാലപുരത്തുവെച്ച് അരുണിനെ വിട്ടു നൽകിയത്. അന്വേഷണത്തിനായി പാലക്കാട് എസ്പി വിശ്വനാഥ് ഐപിഎസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ചിറ്റൂർ എഎസ്പി പദംസിംഗ് ഐപിഎസിന്റെ നേതൃത്വത്തിൽ ചിറ്റൂർ സിഐ ശശിധരൻ, ഇപ്പോൾ കൊഴിഞ്ഞാമ്പാറ എസ്‌ഐ ആയ ജയപ്രസാദ്, എഎസ്‌ഐ അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, അനീഷ്, മണികണ്ഠൻ, സിപിഒമാരായ രാമസ്വാമി അനൂപ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 2018 മെയ് മാസത്തിൽ കേസിലെ രണ്ട് പ്രതികൾ കീഴടങ്ങിയിരുന്നു. ഒന്നര മാസം മുമ്പ് രണ്ട് പ്രതികൾ കൂടി പിടിയിലായി. ഇവരെല്ലാം തമിഴ്‌നാട് സ്വദേശികളായിരുന്നു. കോയമ്പത്തൂരിലെ ഒറ്റക്കാൽ മണ്ഡപം പ്രീമിയർ നഗറിലെ വാടക വീട്ടിൽ നിന്നാണ് ഹക്കിമിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് കടത്തു കേസിലും വടക്കുഞ്ചേരിയിൽ ഒരു വധശ്രമക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസിലെ 5 പ്രതികൾ ഇതുവരെ പോലീസ് പിടിയിലായി. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്. 

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments