പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ ഇടപെടൽ ഫലം കണ്ടു. ദേശീയ പാതയിൽ പട്ടിക്കാട് ഭാഗത്തെ സർവ്വീസ് റോഡുകളിലെ കുഴികൾ അടയ്ക്കാൻ കരാർ കമ്പനി തയ്യാറായി. ഇതോടെ കടുത്ത ഗതാഗതക്കുരുക്കിന് താൽക്കാലികമായിട്ടാണെങ്കിലും പരിഹാരമായി. സർവ്വീസ് റോഡിൽ എമ്പാടും വൻ കുഴികൾ നിറഞ്ഞതോടെ ഇന്നലെ രാവിലെ മുതൽ ദേശീയപാതയിൽ പീച്ചി റോഡ് ജങ്ഷൻ കേന്ദ്രമായി വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ദേശീയപാത പാടെ നിശ്ചലമാകുന്ന സാഹചര്യമായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ബസിലും മറ്റ് വാഹനങ്ങളിലുമായി യാത്രയ്ക്കിറങ്ങിയ ജനങ്ങൾ വഴിയിൽ കുടുങ്ങി. കൃത്യ സമയത്ത് ജോലി സ്ഥലത്തും ആശുപത്രിയിലുമൊക്കെ എത്താൻ കഴിയാതെ അവർ പ്രതിസന്ധിയിലായി. പട്ടിക്കാട് പൂർണ്ണമായും സ്തംഭിച്ചു. പീച്ചി പോലീസിന്റെയും ഹൈവേ പോലീസിന്റെയും നേതൃത്വത്തിൽ ഇരു ഭാഗത്തേയ്ക്കുമുള്ള വാഹനങ്ങൾ വടക്കുഭാഗത്തെ സർവ്വീസ് റോഡ് വഴി തിരിച്ചുവിട്ടുകൊണ്ടാണ് ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കിയത്.
പട്ടിക്കാട് ഹൈവേ ജങ്ഷനിലും പീച്ചി റോഡ് ജങ്ഷനിലും അടിപ്പാതകളുടെ നിർമ്മാണം നടക്കുന്നതിനാൽ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ മുഴുവനും സർവ്വീസ് റോഡിലൂടെയാണ് കടന്നു പോകുന്നത്. രണ്ട് സർവ്വീസ് റോഡുകളും പാടെ തകർന്ന് വൻ കുഴികൾ രൂപപ്പെട്ടിരുന്നു. യഥാ സമയം കുഴികൾ അടയ്ക്കുന്നതിൽ കരാർ കമ്പനിയും ബന്ധപ്പെട്ട അധികൃതരും കാണിച്ച അനാസ്ഥ മൂലം സർവ്വീസ് റോഡുകൾ തീർത്തും സഞ്ചാരയോഗ്യമല്ലാതായി. പീച്ചി റോഡ് ജങ്ഷനിൽ സർവ്വീസ് റോഡ് ഭീകരമായി തകർന്നിരിക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് പതിവായതിനെ തുടർന്ന് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ കരാർ കമ്പനി അധികൃതരെയും ദേശീയപാത അതോറിറ്റി അധികതരെയും വിളിച്ച് അടിയന്തരമായി സർവ്വീസ് റോഡിലെ കുഴികൾ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇന്ന് കരാർകമ്പനിയുടെ നേതൃത്വത്തിൽ സർവ്വീസ് റോഡിലെ കുഴികൾ മെറ്റൽ ഇട്ട് അടച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


0 Comments