സർവ്വീസ് റോഡിലെ വെള്ളക്കെട്ട് ; പീച്ചി റോഡ് ജങ്ഷനിലെ കടകളിൽ വെള്ളം കയറി വലിയ നാശ നഷ്ടം


പട്ടിക്കാട്.
ദേശീയപാതയിൽ അശാസ്ത്രീയമായ കാനനിർമ്മാണത്തിന്റെ ഇരകളാവുകയാണ് സർവ്വീസ് റോഡിനു സമിപം പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ. റോഡിൽ നിറയുന്ന മഴ വെള്ളം കാനയിലേക്ക് ഒഴുകിപ്പോകാൻ പലയിടത്തും മാർഗ്ഗങ്ങളില്ലാത്തതിനാൽ റോഡ് കവിഞ്ഞൊഴുകി പരിസരത്തെ വീടുകളും കടകളുമൊക്കെ വെള്ളക്കെട്ടിലാവുകയാണ്.  കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാതയോട് ചേർന്ന് വടക്കുഭാഗത്തെ സർവ്വീസ് റോഡിന്  സമീപമുള്ള കുരിശുപള്ളി പരിസരത്തെ ബേക്കറി, സർവ്വീസ് സെന്റർ തുടങ്ങിയ  കടകളിലൊക്കെ വെള്ളം കയറി. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ  ഉപകരണങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. റോഡിൽ നിന്നും വെള്ളം കാനയിലേക്ക്  പോകുന്നതിനായി ദ്വാരങ്ങൾ ഇല്ലാത്തതു കാരണം റോഡിൽ വെള്ളം നിറഞ്ഞ് കവിഞ്ഞ് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുകയാണ്. മഴ പെയ്താൽ വഴിയാത്രക്കാർക്ക് 

നടന്നു പോകുവാൻ പോലും പറ്റാത്ത സാഹചര്യമാണ്. നാഷണൽ ഹൈവേയുടെ അനാസ്ഥയ്‌ക്കെതിരെ സ്ഥലം എംഎൽഎ കൂടിയായ  റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ, ജില്ല കളക്ടർ എന്നിവർക്കും പഞ്ചായത്ത് ഭരണസമിതിക്കും  പരാതി നൽകിയിരിക്കുകയാണ് വ്യാപാരികൾ. ദേശീയ പാതയിലെ കാനനിർമ്മാണം അടിമുടി അപകതകൾ നിറഞ്ഞതാണെന്ന ആരോപണം പണ്ടു മുതലേ ഉള്ളതാണ്. ഇക്കാര്യം ദേശീയപാതാ അതോറിറ്റിയേയും കരാർ കമ്പനിയേയുമൊക്കെ ബോധ്യപ്പെടുത്തിയിട്ടും ഇതുവരെ ഒരു പരിഹാരവുമുണ്ടായില്ല. റോഡിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം അതു വഴി കടന്നുപോകുന്ന വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും കാൽ നടക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പലയിടത്തും സർവ്വീസ് റോഡിനേക്കാൾ ഒന്നോ രണ്ടോ അടി ഉയരത്തിലൂടെയാണ് കാനകൾ വാർത്തിട്ടിരിക്കുന്നത്. വെള്ളം കാനയിലേക്ക് കടന്നുപോകുന്നതിനുള്ള പഴുതുകളുമില്ല. റോഡ് കവിഞ്ഞ് എത്തുന്ന വെള്ളം പരിസരത്തെ കടകളിലേക്കും വീടുകളിലേക്കും എത്തുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ശാശ്വതമായ പരിഹാരത്തിനായി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments