സർവ്വീസ് റോഡുകൾ പൂർത്തിയാക്കിയില്ല, ബസ് ബേകൾ ഇല്ല; ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു

ചെമ്പൂത്രയിലെ പണി പൂർത്തീകരിക്കാത്ത സർവ്വീസ് റോഡ്‌

പട്ടിക്കാട്. ആറുവരി ദേശീയ പാതയിൽ സർവ്വീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാത്തത് ഹൈവേയിൽ വലിയ അപകടങ്ങൾ വരുത്തി വെക്കുന്നതായി സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ആറുവരി പാതയിൽ തന്നെ നിർത്തുന്ന വാഹനങ്ങളുടെ പിന്നിൽ മറ്റു വാഹനങ്ങൾ വന്ന് ഇടിച്ച് ഒട്ടേറെ അപകടങ്ങളുണ്ടാകുന്നുണ്ട്. മണ്ണുത്തിക്കും വാണിയമ്പാറയ്ക്കുമിടയിൽ ഇത്തരം അപകടങ്ങളിൽ പലർക്കും ജീവഹാനി ഉണ്ടായിട്ടുണ്ട്. പലർക്കും ഗുരുതരമായ പരുക്കുകളും ഉണ്ടായിട്ടുണ്ട്. രണ്ടര മാസം മുമ്പ് താണിപ്പാടത്ത് നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ ബൈക്കിടിച്ച് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പാണഞ്ചേരിയിൽ  നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ കാറിടിച്ച് യാത്രക്കാരനായ ഡോക്ടർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയിൽ തന്നെ വാണിയമ്പാറ മേലേ ചുങ്കത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിക്ക് പിന്നിൽ സിഎൻജി കയറ്റിവന്ന ലോറി ഇടിച്ചും 

പാണഞ്ചേരിയിലെ പണി പൂർത്തീകരിക്കാത്ത സർവ്വീസ് റോഡ്‌

അപകടമുണ്ടായി. ഈ അപകടത്തിൽ ആർക്കും കാര്യമായ പരുക്കേറ്റില്ല എന്നതുകൊണ്ട് എപ്പോഴും അങ്ങിനെ ആവണമെന്നില്ല. പാചകവാതകവും പെട്രോളും ഡീസലും അപകടകരമായ രാസപദാർത്ഥങ്ങളുമൊക്കെ കൊണ്ട് ദേശീയ പാതയിലൂടെ പതിവായി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. എപ്പോൾ വേണമെങ്കിലും വലിയ ദുരന്തങ്ങൾക്ക് അത് ഇടയാക്കിയേക്കാം. രാത്രികാലങ്ങളിൽ നിരവധി ചരക്കുലോറികളാണ് ഹൈവേയിൽ തന്നെ പാർക്ക് ചെയ്തിരിക്കുന്നത്. സർവ്വീസ് റോഡുകൾ ഇല്ലാത്ത സ്ഥലങ്ങളിലാണ് അധികവും ഇത്തരത്തിൽ വാഹനങ്ങൾ പാർക്കു ചെയ്തിക്കുന്നത്. ആറുവരി പാതയ്ക്ക് ഇരുവശത്തുമുള്ള  സർവ്വീസ് റോഡുകളുടെ പണികൾ മിക്കയിടത്തും പൂർത്തിയാക്കിയിട്ടില്ല. പണി കഴിഞ്ഞ ഭാഗങ്ങളിലാകട്ടെ അറ്റകുറ്റപ്പണികൾ നടത്താത്തതു മൂലം നിറയെ കുഴികളും ചെളിക്കെട്ടുമാണ്. ലോക്കൽ സർവ്വീസ് നടത്തുന്ന ബസുകൾക്ക് സർവ്വീസ് റോഡിലൂടെ പോകാനോ സർവ്വീസ് റോഡിലേക്ക് ഇറക്കി
 
നിർത്തുന്നതിനോ കഴിയുന്നില്ല. ഹൈവേയിലൂടെ വരുന്ന ബസുകൾക്ക് നിശ്ചിത സ്ഥലങ്ങളിൽ സർവ്വീസ് റോഡിനോട് ചേർന്ന് ബസ് ബേകൾ നിർമ്മിക്കണം. നിർത്തിയിടുന്ന ബസിനു പിന്നിൽ മറ്റ് വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഇതേ മാർഗ്ഗമുള്ളൂ. പാലക്കാട് ഭാഗത്തു നിന്നു വരുന്ന ചരക്കുലോറികൾക്ക് അവശ്യ സൗകര്യങ്ങളോടു കൂടിയ പാർക്കിംഗ് ഏരിയകളില്ലത്തതും വലിയ പ്രതിസന്ധിയാണ്. വാണിയമ്പാറ മേഖലയിൽ ചരക്കു ലോറികൾ നിർത്തിയിടുന്നതിനോ െ്രെഡവർമാർക്ക് ഭക്ഷണം കഴിക്കുന്നതിനോ സൗകര്യമുള്ള പാർക്കിംഗ് ഏരിയ ഇല്ല. ഈ ഭാഗത്ത് സർവ്വീസ് റോഡിന്റെ പണികളും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഹൈവേയിൽ തന്നെ വാഹനങ്ങൾ നിർത്തുന്നതുകൊണ്ടുള്ള അപകടങ്ങൾ വർധിക്കുകയാണെന്ന് വാണിയമ്പാറ സ്വദേശിയും ആർവൈഎഫ് ജില്ലാ സെക്രട്ടറിയുമായ വിഷ്ണു രവീന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.  എത്രയും വേഗം തന്നെ സർവ്വീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കാനും ബസ് ബേകൾ നിർമ്മിക്കാനും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും തയ്യാറാകണം. ഇക്കാര്യത്തിൽ ഭരണതലത്തിലും രാഷ്ട്രീയ നേതൃത്വത്തിലും ഉള്ളവരുടെ ഇടപെടൽ അനിവാര്യമാണ്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments