പട്ടിക്കാട് സർവ്വീസ് റോഡിൽ 'പേരിന് ഒരു കുഴിയടയ്ക്കൽ' വീണ്ടും


പട്ടിക്കാട്. തകർന്നു തരിപ്പണമായ പട്ടിക്കാട് സർവ്വീസ് റോഡിൽ കുഴിയടയ്ക്കൽ പരിപാടി വീണ്ടും തുടങ്ങി. പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാതയ്ക്ക് ഇരു ഭാഗത്തുമുള്ള സർവ്വീസ് റോഡിലെ കുഴികളാണ് അടയ്ക്കുന്നത്. വെറ്റ്മിക്‌സും ചെളിയും ചേർത്താണ് കുഴിടയടയ്ക്കൽ. ചില കുഴികൾ അടയ്ക്കും, ചിലത് അടയ്ക്കില്ല. ചില കുഴികളുടെ പകുതി അടയ്ക്കും.  ഇത്തരത്തിലാണ്  കുഴിയടയ്ക്കൽ പ്രക്രിയ നടക്കുന്നത്. അണമുറിയാതെ വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ കുഴികൾ അടയ്ക്കുന്നതിന് പിന്നാലെ തുറക്കുകയും ചെയ്യും. പല തവണയായി ഈ പരിപാടി നടന്നുകൊണ്ടേയിരിക്കുകയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണിതെന്ന് ജങ്ഷനിലെ വ്യാപാരികളും ഓട്ടോറിക്ഷാ 

ഡ്രൈവർമാരും സാക്ഷ്യപ്പെടുത്തുന്നു. റോഡിൽ വീഴുന്ന മഴവെള്ളം കാനയിലേക്ക് കടന്നുപോകാൻ മാർഗ്ഗമില്ലാത്തതാണ് ഇവിടെ റോഡ് തകരുന്നതിന് പ്രധാന കാരണം. ജങ്ഷനിൽ പുതിയതായി സ്ഥാപിച്ച ബസ് സ്‌റ്റോപ്പിന് മുന്നിലും കുഴികളുണ്ട്. ഇതിലും വെള്ളം കെട്ടിനിൽക്കുകയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ബസ് സ്‌റ്റോപ്പിൽ നിൽക്കുന്നവർ ചെളിയിൽ കുളിക്കേണ്ടി വരും. അടിപ്പാതയ്ക്കു മുന്നിൽ എപ്പോഴും ഗതാഗതക്കുരുക്കാണ്. അത് പൂർണ്ണമായും മാറണമെങ്കിൽ കുഴികൾ വെറ്റ്മിക്‌സ് ഇട്ട് അടച്ചതിനുശേഷം അതിന് മുകളിൽ ടാറിംഗ് നടത്തി റോഡ് നിരപ്പാക്കുകയും മഴവെള്ളം കാനയിലേക്ക് കടന്നുപോകാൻ വഴിയൊരുക്കുകയും വേണം. തൃശൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മുന്നോട്ടു നീക്കി പണിതിട്ടുള്ളതിനാൽ മറ്റു വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാം. യാത്രക്കാർ ബസ് സ്‌റ്റോപ്പിൽ നിന്ന് മാത്രം ബസ് കയറാനും ബസുകൾ സ്റ്റോപ്പിൽ മാത്രം നിർത്താനും തയ്യാറായാൽ ജങ്ഷനിലെ തിരക്ക് ഒരു പരിധിവരെ ഒഴിവാക്കാം.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments