പീച്ചി ഡാം റോഡ്: അപകടം ഒളിച്ചിരിക്കുന്ന വളവിലെ കുഴികൾ


പട്ടിക്കാട്.  പീച്ചി ഡാം റോഡിൽ ഇപ്പോൾ നിറയെ കുഴികളാണ്.  ചെറു വാഹനങ്ങൾക്ക്, പ്രത്യേകിച്ചും ഇരുചക വാഹനങ്ങൾ കുഴിയിൽ വീഴാതെ കടന്നുപോകാൻ പ്രയാസമായിരിക്കുന്നു. വെള്ളം കെട്ടിനിൽക്കുന്ന കുഴികളിൽ വാഹനം വീണ്  വീണ് യാത്രക്കാർക്ക് പരുക്കേൽക്കുന്നതും  വാഹനങ്ങൾക്ക് തകരാർ പറ്റുന്നതും പതിവായിരിക്കുകയാണ്. കനത്ത മഴ കൂടി കഴിഞ്ഞതോടെ റോഡ് പാടെ തകർന്നു. വളവുകളോട്  ചേർന്നുള്ള റോഡിലെ കുഴികൾ അതുവഴിയുള്ള യാത്രതന്നെ ദുസ്സഹമാക്കിയിരിക്കുന്നു. ആൽപ്പാറ വാര്യത്തുപടി വളവിലെ സ്ഥിതി വളരെ ഗുരുതരമാണ്. ഈ ഭാഗത്ത് കുഴി ഒഴിവാക്കി യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ ഒരു ഭാഗത്തേക്ക് വെട്ടിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നു. പൈപ്പ് ലൈൻ റോഡിൽ നിന്ന് ഒഴുകിവരുന്ന 


മഴവെള്ളം കുത്തിയൊലിച്ച് ഈ റോഡിലൂടെയാണ് ഒഴുകുന്നത്. മഴയില്ലാത്തപ്പോഴും പൈപ്പ് ലൈൻ റോഡ് ഭാഗത്തുനിന്നുമെത്തുന്ന വെള്ളം എപ്പോഴും ഇതിലെ ഒഴുകിക്കൊണ്ടിരിക്കും. പതിവായി വെള്ളം ഒഴുകിയാണ് ഇവിടെ റോഡ് പൂർണ്ണമായും തകർന്നത്.  കാന നിർമ്മിച്ച് വെള്ളം തിരിച്ചുവിടണമെന്ന് നാട്ടുകാർ മുമ്പും ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ റോഡിന്റെ തകർച്ച ഒഴിവാക്കാമായിരുന്നു. മഴയ്ക്ക് മുമ്പ് പീച്ചി ഡാം റോഡിലെ വലിയ കുഴികൾ ചിലതൊക്കെ അടച്ചിരുന്നുവെങ്കിലും മഴ ശക്തമായതോടെ  അതൊക്കെ വീണ്ടും തുറക്കുകയും പുതിയ കുഴികൾ ഉണ്ടാവുകയും ചെയ്തു. കണ്ണാറ കയറ്റത്തിനും ഒരപ്പൻപാറയ്ക്കും ഇടയിൽ ഇതുപോലെ പതിവായി വെള്ളം കെട്ടിനിൽക്കുന്ന കുഴിയുണ്ട്. വാഹനം തൊട്ടു മുന്നിൽ എത്തുമ്പോഴാണ് കുഴി ദൃശ്യമാവുക.  കുഴിയിൽ വീഴുന്നത് ഒഴിവാക്കാൻ വേണ്ടി വാഹനം വലത്തോട്ട് വെട്ടിക്കുമ്പോൾ എതിർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ മഴക്കാലത്തിനു ശേഷം റോഡിന്റെ ടാറിംഗ് ഉണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതിന് കാലതാമസം എടുക്കുകയാണെങ്കിൽ അടിയന്തരമായി റോഡിലെ കുഴികൾ അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments