പട്ടിക്കാട്. മയിലാട്ടുംപാറയിൽ പ്രവർത്തിക്കുന്ന പീച്ചി എസ്എൽഇസിയുടെ ജലശുദ്ധീകരണശാലയിലേക്കുള്ള വൈദ്യുതി കണക്ഷൻ ഇന്നലെ വിച്ഛേദിച്ചു. ഇതോടെ പാണഞ്ചേരി പഞ്ചായത്തിൽ ജലനിധിയെ മാത്രം ആശ്രയിക്കുന്ന 1500ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. 12,59,787 രൂപ വൈദ്യുതി ചാർജ് ഇനത്തിൽ ലഭിക്കാനുണ്ടെന്നും 21 ദിവസത്തിനകം തുകയും പലിശയും അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും കാണിച്ച് സെപ്തംബർ 19ന് പട്ടിക്കാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്ന് പീച്ചി എസ്എൽഇ.സിക്ക് നോട്ടീസ് നൽകിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുക അടയ്ക്കാഞ്ഞതിനെ തുടർന്ന് ഇന്നലെ കെഎസ്ഇബി അധികൃതരെത്തി പദ്ധതിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കികയായിരുന്നു.
പാണഞ്ചേരി പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ ജലനിധി വിവാദങ്ങളുടെ കേന്ദ്രമായിട്ട് കാലങ്ങളേറെയായി. വൻ തുക മുടക്കി വലിയ പ്രതീക്ഷകളോടെ നടപ്പാക്കുന്ന ഒരു പദ്ധതി അനാവശ്യമായ രാഷ്ട്രീയ മുതലെടുപ്പുകൊണ്ടും അനാസ്ഥകൊണ്ടും പിടിപ്പുകേടുകൊണ്ടും എങ്ങനെ തകർക്കാം എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ജലനിധി. ഇടക്കാലത്ത് ജലനിധി പദ്ധതിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നു കേട്ടിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങിയ ജലനിധിയെ കരകയറ്റുന്നതിന് കെആർഡബ്ല്യുഎസ്എ മുഖ്യ പങ്കാളിയായി പാണഞ്ചേരി പഞ്ചായത്തും ഗുണഭോക്തൃസമിതിയും ചേർന്ന് പ്ലാന്റിന്റെ നവീകരണമുൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ഇതുവരെയും പ്രാവർത്തികമായിട്ടില്ല. പഞ്ചായത്ത് നേരിട്ട് എസ്എൽഇസിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു വരുന്നു എന്നാണ് അറിവ്. അതിനിടയിലാണ് വൈദ്യുതി കുടിശ്ശിക അടയ്ക്കാഞ്ഞതിനെ തുടർന്ന് ഇപ്പോൾ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതും. നിരവധി പ്രശ്‌നങ്ങൾ ജലനിധിയെ അലട്ടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിൽ ഏറ്റവും പ്രധാനം. ജനങ്ങളുടെ കുടിവെള്ളം മുട്ടാതിരിക്കാൻ ഇക്കാര്യത്തിൽ പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments