പീച്ചി. ജലനിധി പദ്ധതിയുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത് നാളെ പുനസ്ഥാപിക്കുമെന്ന് എസ്എൽഇസി അധികൃതർ പറഞ്ഞു. വൈദ്യുതി ബിൽ കുടിശ്ശിക തവണകളായി അടയ്ക്കാമെന്നുള്ള എസ്എൽഇസിയുടെ അപേക്ഷ പരിഗണിച്ച വൈദ്യുതി വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ നാളെ കണക്ഷൻ പുനസ്ഥാപിക്കുമെന്ന് തനിക്ക് ഉറപ്പു നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പ്രൈം ന്യൂസിനോട് പറഞ്ഞു. ജലനിധിയുടെ കുടിവെള്ള വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാനുള്ള പരിശ്രമത്തിലായിരുന്നു പഞ്ചായത്ത് പ്രസിഡണ്ടും എസ്എൽഇസിയും. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്ഷൻ ഉടനെ പുനസ്ഥാപിക്കാനും കുടിശ്ശിക തുക തവണകളായി അടയ്ക്കാനുമുള്ള സാവകാശം നൽകണമെന്നും ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർക്ക് അപേക്ഷയും നൽകിയിരുന്നു. ശനിയും ഞായറും ഓഫീസ് അവധിയായതിനാൽ
കെഎസ്ഇബി യുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇന്നാണ് സാവകാശമുണ്ടായതെന്നും ഇതിനു മുമ്പും വൈദ്യുതി കുടിശ്ശികകൾ ഇത്തരത്തിൽ തവണകളായി അടയ്ക്കുന്നതിന് സൗകര്യം ലഭിച്ചിരുന്നുവെന്നും പീച്ചി എസ്എൽഇസി സെക്രട്ടറി പറഞ്ഞു. 12,59,787 രൂപയാണ് വൈദ്യുതി ബിൽ ഇനത്തിൽ കുടിശ്ശിക തീർക്കാനുണ്ടായിരുന്നത്. കഴിഞ്ഞ ഒന്നര വർഷത്തെ കുടിശ്ശിക തുകയാണ് ഇത്. കൊവിഡ് കാലമായതിനാൽ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതിനോ വെള്ളം വിതരണം ചെയ്തതിന്റെ തുക കൃത്യമായി പിരിച്ചെടുക്കുന്നതിനോ കഴിഞ്ഞില്ല. വെള്ളത്തിന്റെ ബില്ല് അടയ്ക്കുന്നതിൽ പദ്ധതിയുടെ ഗുണഭോക്താക്കളിൽ വലിയൊരു വിഭാഗം വീഴ്ച വരുത്തിയതാണ് ജലനിധിയുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയതെന്ന് എസ്എൽഇസി പറയുന്നു. കുടിശ്ശിക വരുത്തുന്നവർക്ക് ഫൈൻ ഈടാക്കാനും, നോട്ടീസ് നൽകിയിട്ടും തുക അടയ്ക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കുന്നതിനും തീരുമാനമെടുത്തിരുന്നുവെങ്കിലും കൊവിഡ് കാലത്ത് നടപടികളെല്ലാം പിൻവലിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇത്രയും വലിയൊരു തുക വൈദ്യുതി കുടിശ്ശിക വന്നതെന്നാണ് എസ്എൽഇസിയുടെ വിശദീകരണം. ഇന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ നിർദ്ദേശപ്രകാരം ചേർന്ന യോഗത്തിൽ വെള്ളത്തിന്റെ ബില്ല് കുടിശ്ശിക വരുത്തുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ നിർദ്ദേശമുയർന്നു. കുടിശ്ശിക വരുത്തുന്നവർക്ക് ഫൈൻ പുനസ്ഥാപിക്കാനും നോട്ടീസ് നൽകിയിട്ടും പണമടയ്ക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കാനും തത്വത്തിൽ തീരുമാനമായിട്ടുണ്ട്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments