തകർന്നു തരിപ്പണമായി സർവ്വീസ് റോഡ്: ഗതാഗതക്കുരുക്ക് അതിരൂക്ഷം


പട്ടിക്കാട്. സർവ്വീസ് റോഡുകളുടെ സമ്പൂർണ്ണ  തകർച്ചയും അധികൃതരുടെ അനാസ്ഥയും ചേർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അതി രൂക്ഷമാക്കുകയാണ്. പീച്ചി റോഡ് ജങ്ഷന് സമീപത്തെ സർവ്വീസ് റോഡുകളുടെ  ശോചനീയാവസ്ഥ മൂലം  ഇന്ന് കാലത്ത് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പാലക്കാട് നിന്നും തൃശൂരിലേക്ക് പോകുന്ന സർവീസ് റോഡാണ് പൂർണമായും തകർന്നിരിക്കുന്നത്. പട്ടിക്കാട് മുതൽ പീച്ചി റോഡ് വരെ അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ ഈ സർവീസ് റോഡിലൂടെയാണ് എല്ലാ വാഹനങ്ങളും കടന്നു പോകുന്നത്‌. പീച്ചി റോഡ് സെന്ററിലെ നാലും കൂടിയ  ജങ്ഷനിൽ വൻ കുഴികൾ രൂപപ്പെട്ടതിനാൽ പീച്ചിയിലേക്കും  പട്ടിക്കാട്ടേക്കും തൃശ്ശൂരിലേക്കും പോകുന്ന വാഹനങ്ങൾ പൂർണ്ണമായും ഗതാഗതക്കുരുക്കിൽ പെട്ടു. 


ബാറിനു മുൻ ഭാഗത്ത് ഉണ്ടായിട്ടുള്ള വലിയ കുഴികൾ അടയ്ക്കാത്തതിനാൽ അതിൽ  വാഹനങ്ങൾ  വീണ് സാരമായ കേടുപാടുകളാണ്  സംഭവിക്കുന്നത്. ഇത് യാത്രാ ദുരിതം ഇരട്ടിയാക്കുന്നു. ഇന്നലെ പെയ്ത കനത്ത മഴയാണ് റോഡിന്റെ തകർച്ച പരിപൂർണ്ണമാക്കിയത്. ഗതാഗതക്കുരുക്ക് മൂലം രാവിലെ മുതൽ തന്നെ പട്ടിക്കാട് ലാലിസ് ഹൈപ്പർ മാർക്കറ്റ് മുതൽ  വാഹനങ്ങളുടെ നീണ്ട നിര ഉണ്ടായിരുന്നു. സംഭവം ഗുരുതരമായതോടെ കരാർ കമ്പനിയുടെ നേതൃത്വത്തിൽ മെറ്റലിട്ട് കുഴികൾ താൽക്കാലികമായി അടയ്ക്കുന്ന പണികൾ നടക്കുന്നുണ്ട്.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments