നാട്ടുകാർ കൈകോർത്തു; പീച്ചി പട്ടിലുംകുഴിയിൽ ഫുട്‌ബോൾ ടർഫ് കോർട്ട് ഒരുങ്ങുന്നു


പീച്ചി.
മലയോര ഗ്രാമമായ പട്ടിലുംകുഴിയിൽ ടർഫ് ഫുട്‌ബോൾ കോർട്ട് യാഥാർത്ഥ്യമാകുന്നതിന്റെ ആഹ്ലാദത്തിലാണു നാട്ടുകാർ. സമ്പന്നർക്കും നഗരവാസികൾക്കും മാത്രം പ്രാപ്യമായിരുന്ന ടർഫ് കോർട്ട് പീച്ചിയിലെ പട്ടിലുംകുഴിയെന്ന ഉൾഗ്രാമത്തിലും സാക്ഷാത്കരിക്കുന്നതിനായി ഒരു നാടു മുഴുവൻ കൈകോർക്കുകയാണ്. കർഷകരും കർഷക തൊഴിലാളികളും അധിവസിക്കുന്ന നാടിന് ടർഫ് കോർട്ടിന്റെ ചെലവ് താങ്ങാനാവുന്നതായിരുന്നില്ല. എന്നാൽ അവരുടെ ഇച്ഛാശക്തിക്കു മുന്നിൽ അതൊരു തടസ്സമായിരുന്നില്ല. നിയമപോരാട്ടങ്ങളിലൂടെ നാടിന്റെ വികസനത്തിന് നായകത്വം വഹിക്കുന്ന ഷാജി കോടങ്കണ്ടത്ത്, മുൻ ഡപ്യൂട്ടി കലക്ടർ കെ. ഗംഗാധരൻ, യാക്കോബ് പയ്യപ്പിള്ളി എന്നിവർ രക്ഷാധികാരികളായി കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരും ചേർന്ന് പട്ടിലുംകുഴി ക്ലബ്ബ് രൂപീകരിച്ചു. സ്വയം പണം സമാഹരിച്ചും അദ്യുദയകാംക്ഷികളിൽ നിന്ന് സംഭാവന സ്വീകരിച്ചും സമ്മാനകൂപ്പൺ വഴിയും ധനസമാഹരണം നടത്തി സ്ഥലം വാങ്ങി. 31 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള കോർട്ടാണ് ഒരുക്കുന്നത്. മുപ്പതു ലക്ഷം രൂപയോളം ചെലവുവരും. പണികൾ വളരെ വേഗത്തിൽ നീങ്ങി. കോർട്ട് നിർമ്മിക്കാനായി സ്ഥലത്തു കോൺക്രീറ്റ് ഭിത്തികെട്ടി, വലവിരിച്ചു. 80 ശതമാനം ജോലികൾ പൂർത്തിയാക്കിയ കോർട്ടിൽ ഇനി ടർഫ് കൂടി വിരിക്കണം. നാട്ടിലെ കായിക പ്രേമികളുടെ സഹായത്തോടെ ടർഫ് പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷ. അധിക ചെലവില്ലാതെ സാധാരണക്കാർക്കു പോലും ടർഫ് ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കാനവസരമൊരുക്കുകയാണു ലക്ഷ്യം. വൈകാതെ ആ ആഗ്രഹം സഫലീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ. 


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments