പട്ടിക്കാട്. നാഷണൽ ലീഗൽ സർവ്വീസസ് അതോറിറ്റി ദേശവ്യാപകമായി നടത്തുന്ന നിയമ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി തൃശൂർ ജില്ല ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽ തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനം മുതൽ നവംബർ 14ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം വരെ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾ, കുട്ടികൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവർക്കായി ഇത്തരം ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നുണ്ട്.
പാണഞ്ചേരി പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ എന്നിവരും പങ്കെടുത്തു. പാനൽ ലോയേഴ്‌സ് അഡ്വക്കറ്റ്മാരായ ഡാർവിൻ, അശ്വതി, സോജൻ ജോൺ, ശിവരാജൻ, രാജി, സ്മിത, ലീഗൽ വളണ്ടിയർ സന്ധ്യ, റബീന, അജിത എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചും ചർച്ചകൾ നടന്നു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments