108ലേക്ക് വിളിക്കൂ: ജീവൻ രക്ഷാ ഉപാധികളുമായി ആംബുലൻസിന്റെ സൗജന്യ സേവനം

ആംബുലൻസിലെ ജീവനക്കാരായ അനീഷും നിഥിനും

പട്ടിക്കാട്. 108ലേക്ക് വരുന്ന ഓരോ വിളികൾക്കു പിന്നിലും ഒരു ജീവന്റെ പിടച്ചിലുണ്ടാകും. അത് ഉള്ളിൽ ഏറ്റെടുത്തുകൊണ്ടാണ് ഓരോ ആംബുലൻസും കുതിക്കുന്നത്.  ജീവൻ രക്ഷാ ദൗത്യത്തിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് ഈ ആംബുലൻസ് സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏത് അപകടഘട്ടത്തിലും രോഗാവസ്ഥയിലും  ഏത് സമയത്തും ആശ്രയിക്കാവുന്ന  ആംബുലൻസിന്റെ സൗജന്യ സേവനങ്ങളെക്കുറിച്ച് ഇപ്പോഴും ജനങ്ങൾക്ക് വേണ്ടത്ര അറിവില്ലെന്ന് പട്ടിക്കാട് 108 ആംബുലൻസിലെ ജീവനക്കാരും ചുവന്നമണ്ണ് സ്വദേശികളുമായ അനീഷ് കെ. പാപ്പച്ചനും നിഥിൻ തോമസ് ജേക്കബ്ബും പറയുന്നു. രണ്ടു പേരും നഴ്‌സുമാരാണ്, രണ്ടുപേരും വാഹനം ഓടിക്കുകയും ചെയ്യും.
 

പട്ടിക്കാട്, വാണിയമ്പാറ കുടുംബാരോഗ്യകേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് രണ്ട് ആംബുലൻസ് സർവീസുകളാണ് ഇപ്പോഴുള്ളത്. അത്യാഹിത സ്ഥലത്ത് ഒരു 108 ആംബുലൻസ് എത്തുന്നത് ട്രോമാ കെയർ സൗകര്യമുള്ള ഒരു ആശുപത്രിക്ക് സമാനമായാണ്. ഒരു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാണുന്ന മിക്കവാറും ചികിത്സാ സൗകര്യങ്ങളെല്ലാം ആംബുലൻസിൽ ഒരുക്കിയിട്ടുണ്ട്. ജനറൽ, ബിഎസ്‌സി നഴ്‌സിഗ് പൂർത്തിയാക്കിയ നഴ്‌സ് ആംബുലൻസിലുണ്ടാകും. ഓക്‌സിജൻ സൗകര്യം മാത്രമല്ല ആംബുബാഗും ഷുഗർലെവൽ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളും  ഉൾപ്പെടെ ജീവൻ നിലനിർത്താൻ അടിയന്തരഘട്ടങ്ങളിൽ ചെയ്യേണ്ട എല്ലാവിധ മെഡിക്കൽ ഉപകരണങ്ങളും സൗകര്യങ്ങളും ആംബുലൻസിൽ ഉണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട മരുന്നുകൾ ഇഞ്ചക്ഷനുകൾ എന്നിവയുമുണ്ട്. അപകടങ്ങളെ തുടർന്നുണ്ടാകുന്ന രക്തപ്രവാഹം നിർത്താനും മുറിവുകൾ ഡ്രസ്സ് ചെയ്യുന്നതിനും സ്‌റ്റെറിലൈസ് ചെയ്ത ഉപകരണങ്ങൾ, പാക്കിംഗ് സംവിധാനങ്ങൾ, നട്ടെല്ലിനോ മറ്റ് എല്ലുകൾക്കോ ക്ഷതമുണ്ടെങ്കിൽ അത് കൂടുതൽ മാരകമാകാതെ ആംബുലൻസിൽ കയറ്റാൻ സ്‌പൈൻബോർഡ് എന്ന പേരിൽ അറിയപ്പെടുന്ന ഫൈബർ സ്ട്രക്ച്ചർ എന്നിവയും ഉണ്ട്. ഇതിനെല്ലാമുപരി ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ പ്രാപ്തിയും അറിവുമുള്ള ജീവനക്കാരുമുണ്ട്. കുട്ടികൾക്കോ മുതിർന്നവർക്കോ എന്ന വ്യത്യാസമില്ലാതെ ഏത് രോഗാവസ്ഥയിലും വിളിച്ചാൽ  ആംബുലൻസ് അരികിലെത്തുന്നതോടെ പ്രഥമ ശുശ്രൂഷ ലഭിക്കും. 108 എന്ന നമ്പറിലേക്ക്  മൊബൈൽ ഫോണിൽ നിന്നോ ലാന്റ് ലൈനിൽ നിന്നോ വിളിക്കുക. ആ സ്ഥലത്തിന് ഏറ്റവും അടുത്ത് ലഭ്യമായ 108 സർവ്വീസ് ഏതാണോ അവർക്ക് വിവരം ലഭിക്കുകയും ഉടൻ അവർ സ്ഥത്തെത്തുകയും ചെയ്യും. ഈ സേവനങ്ങളെല്ലാം തന്നെ തികച്ചും സൗജന്യമാണ്.




Post a Comment

0 Comments