ദേശീയപാതയോട് ചേർന്നുള്ള വാണിയമ്പാറ പൊതു കുളം
വാണിയമ്പാറ. പീച്ചി ഡാമിന്റെ ജലസമൃദ്ധിക്ക് സമീപം കിടക്കുമ്പോഴും കുടിവെള്ളം കിട്ടാക്കനിയാവുകയാണ് വാണിയമ്പാറിലെ ജനങ്ങക്ക്. ദേശീയപാതയുടെ വടക്ക് കുന്നിൻമുകളിൽ താമസിക്കുന്ന 52 ഓളം കുടുംബങ്ങളാണ് വർഷങ്ങളായി കടുത്ത ജലക്ഷാമത്തിന്റെ ഇരകളായിരിക്കുന്നത്. ഇവിടെ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നത് പ്രായോഗികമല്ല. കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ വാണിയമ്പാറ പൊതുകുളത്തോടു ചേർന്ന് 25 ലക്ഷം രൂപ ചെലവിൽ അന്ന് ഗവ. ചീഫ് വിപ്പായിരുന്ന എംഎൽഎ കെ രാജൻ പ്രഖ്യാപിച്ച കൊക്കർണിയുടെ നിർമ്മാണം എങ്ങുമെത്താത്തതാണ് ഇപ്പോൾ പ്രദേശവാസികൾക്ക് പ്രതിസന്ധിയായത്. കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് പദ്ധതിയുടെ നിർമാണ ഉദ്ഘാടനം കെ.രാജൻ എം.എൽ.എ.
നിർവഹിച്ചത്. ആ വർഷം ഡിസംബറിൽ തന്നെ നിർമ്മാണം പൂർത്തീകരിക്കാൻ അദ്ദേഹം നിർദ്ദേശവും നൽകി. എന്നിട്ടും കരാറുകാരന്റെ അനാസ്ഥ പണികൾ നീണ്ടുപോകാൻ കാരണമായതായി നാട്ടുകാർ പറയുന്നു. ഈ വർഷം ഏപ്രിൽ 28 നാണ് പണി ആരംഭിച്ചത്. തുടങ്ങിയപ്പോൾ തന്നെ പല കാരണങ്ങളാൾ പണികൾ നിലയ്ക്കുകയും ചെയ്തു. നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരനോട് അധികൃതർ വിശദീകരണം തേടിയില്ലെന്നുമാത്രമല്ല സമീപ പ്രദേശത്തെ മറ്റുപല പണികളും അനുവദിച്ചു കൊടുക്കുകയും ചെയ്തുവെന്നും ജനങ്ങൾ ആരോപിക്കുന്നു. എന്നാൽ സാങ്കേതിക തടസ്സം മൂലം പദ്ധതി നീണ്ടു പോയതാണെന്നും ഈ ഡിസംബറിൽ തന്നെ പദ്ധതി പൂർത്തീകരിക്കാൻ വേണ്ട കർശന നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കുളത്തിന് സമീപം കിണർ നിർമ്മിച്ച് അതിൽ നിന്ന് വെള്ളം പമ്പു ചെയ്താണ് മുമ്പ് വിതരണം ചെയ്തിരുന്നത്. പിന്നീട് വെള്‌ലം കിട്ടാതായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ച് കുഴൽക്കിണറുകൾ നിർമ്മിച്ചെങ്കിലും ഫലമുണ്ടായില്ല. പായലും ചെളിയും നിറഞ്ഞ് കറുത്ത് ദുർഗന്ധം വമിക്കുന്ന പൊതുകുളത്തിലെ വെള്ളമാണ് പ്രദേശത്ത് ഇപ്പോൾ വിതരണം ചെയ്യുന്നത്. ഈ വെള്ളം വലിയ പാത്രങ്ങളിൽ പിടിച്ചുവെച്ച് ചെളി അടിഞ്ഞുകഴിയുമ്പോൾ ഉപയോഗിക്കുന്നതാണ് രീതി. 2019 നവംബർ ഒന്നിന് വാണിയമ്പാറ കുളത്തിലേക്ക് കാർ മറിഞ്ഞ് മരിച്ചവരുടെ മൃതദേഹം പുറത്തെടുത്ത് ഒരു മണിക്കൂർ കഴിയുന്നതിന് മുമ്പേ ഈ കുളത്തിൽ നിന്ന് തന്നെ വെള്ളം ഉപയോഗിക്കേണ്ട ഗതികേടും നാട്ടുകാർ അനുഭവിച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊതുകിണർ ഉൾപ്പെടെ ഏഴ് കിണറുകൾ പ്രദേശത്ത് മൂടിപ്പോയി. ഇതോടുകൂടി ഇത്രയും വീട്ടുകാർ കുടിവെള്ളത്തിനായി മേഖലയിലെ രണ്ട് സ്വകാര്യവ്യക്തികളുടെ കിണറുകളെയാണ് ആശ്രയിക്കുന്നത്.
0 Comments