വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്നവരാണ് സമൂഹത്തെ നയിക്കേണ്ടത് ; വിജയരാജമല്ലിക

                   വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് വിജയരാജമല്ലിക സംസാരിക്കുന്നു

പട്ടിക്കാട്. വ്യവസ്ഥിതികളെ ചോദ്യം ചെയ്തവരാണ് സമൂഹത്തിന്റെ മുന്നേറ്റത്തിന്  സംഭാവനകൾ നൽകിയിട്ടുള്ളതെന്നും അവരാണ് സമൂഹത്തെ നയിക്കേണ്ടതെന്നും പ്രശസ്ത എഴുത്തുകാരിയും ട്രാൻസ്‌ജെന്റർ കവയിത്രിയുമായ വിജയരാജ മല്ലിക പറഞ്ഞു. സിപിഐഎം മണ്ണുത്തി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. താനാരാണ് എന്ന തിരിച്ചറിവാണ് സ്ത്രീവിമോചനത്തിന്റെ ആദ്യഘട്ടം.  ആണ് പെണ്ണ് എന്നീ രണ്ട് സംജ്ഞകൾക്കുള്ളിൽ സ്വത്വബോധങ്ങളെ തളച്ചിടേണ്ടി വരുന്ന നിസ്സഹായാവസ്ഥയാണ് സ്ത്രീകളെ വിടാതെ പിൻതുടരുന്നത്. ജനിച്ചതുകൊണ്ട് ജീവിച്ചു, ജീവിച്ചതുകൊണ്ട് മരിക്കുന്നുവെന്ന ബോധത്തിൽ സ്വന്തം അസ്ഥിത്വം പോലും മറന്ന് സമൂഹത്തിന്റെ അടരുകളിൽ അടർന്നുവീഴുന്ന  ഒരു പാട് സ്ത്രീജന്മങ്ങൾ നമുക്കു ചുറ്റുമുണ്ട് എന്ന കാര്യം ഓർമ്മിക്കണമെന്നും അവർ പറഞ്ഞു. പാണഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. സാവിത്രി സദാനന്ദൻ, ബേബി മോഹനൻ, ഇന്ദിര മോഹൻ പി.പി രവീന്ദ്രൻ, മാത്യു നൈനാൻ, ഇ.ടി ജലജൻ, ജനാധിപത്യ മഹിളാ  അസോസിയേഷൻ ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു.  



Post a Comment

0 Comments