പട്ടിക്കാട്. തൃശൂർ ഭാഗത്തേക്ക് ബസ് കയറാനായി പീച്ച് റോഡ് ജങ്ഷനിൽ നിർമ്മിച്ച പുതിയ ബസ് സ്റ്റോപ്പ് അധികൃതരുടെ അനാസ്ഥ മൂലം ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. ആർക്കും അവിടെ ബസ് കാത്തുനിൽക്കാൻ കഴിയില്ല. അവിടെ ചെന്നു നിന്നാൽ ഒന്നുകിൽ ചെളിയിൽ കുളിച്ച് തിരികെ വീട്ടിലേക്ക് പോകാം അല്ലെങ്കിൽ ആശുപത്രിയിലേക്ക് പോകാം. ഇതാണ് അവസ്ഥ. പീച്ചി റോഡ് ജങ്ഷനിൽ തന്നെ ബസുകൾ നിർത്തുന്നത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനെ തുടർന്നാണ് ജങ്ഷനിൽ നിന്ന് അൽപം കൂടി മുന്നോട്ടുമാറ്റി സർവ്വീസ് റോഡിൽ സൗകര്യപ്രദമായ സ്ഥലത്ത് ബസ് സ്‌റ്റോപ്പ് നിർമ്മിച്ചത്.
എന്നാൽ ബസ് സ്‌റ്റോപ്പിന് മുന്നിലെ റോഡിലെ ചെളിയും വെള്ളക്കെട്ടും മാത്രം ഒഴിവാക്കിയില്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളി ദേഹത്തേക്ക് തെറിക്കും. അതുകൊണ്ട് യാത്രക്കാരാരും ബസ് സ്‌റ്റോപ്പ് ഉപയോഗപ്പെടുത്തുന്നില്ല. ബസുകൾ ഇപ്പോഴും ജങ്ഷനിൽ തന്നെ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. ഇതോടെ ബസ് സ്‌റ്റോപ്പ് വെറും നോക്കുകുത്തിയായി. ഈ ഭാഗത്ത് റോഡ് അൽപ്പമൊന്ന് ഉയർത്തി നിരപ്പാക്കിയാൽ വെള്ളം കാനയിലേക്ക് കടത്തിവിടാൻ കഴിയും റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യാം. എന്നാൽ ഇത്രയുംകാലമായിട്ടും അധികൃതരാരും ഇക്കാര്യത്തിൽ തിരിഞ്ഞു നോക്കുന്നില്ല. ബസ് സ്‌റ്റോപ്പുകൾ മാറ്റി നിർമ്മിക്കാൻ നിർദ്ദേശം കൊടുത്തവർ അത് അത് ജനങ്ങൾക്ക് പ്രപയോജനപ്പെടുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണമെന്ന് നാട്ടുകാർ പറയുന്നു. അടിപ്പാത റോഡ് നിർമ്മാണത്തിനായി കൊണ്ടുവന്നിട്ടിരിക്കുന്ന മണ്ണ് ആണ് മഴ പെയ്യുമ്പോൾ ചെളിയിയായി റോഡിൽ ത്തെുന്നത്. ശരിയായ രീതിയിൽ കുഴികൾ നികത്തിയാൽ ഇവിടെ ചെളിക്കെട്ട് ഉണ്ടാവുകയില്ല. ചെളിയും വെള്ളക്കെട്ടും റോഡിൽ മനുഷ്യന്റെ ജീവനെടുക്കുന്ന കാലമാണ്. അതുകൊണ്ടു തന്നെ പീച്ചി റോഡ് ജങ്ഷനിലെ വെള്ളക്കെട്ടും ചെളിയും നീക്കി സുരക്ഷിതമായി യാത്രക്കാർക്ക് ബസ് കയറാനുള്ള സൗകര്യം ഒരുക്കണമെന്ന് നാട്ടുകാരും പ്രദേശത്തെ വ്യാപാരികളും ആവശ്യപ്പെടുന്നു.
0 Comments