പീച്ചി. ആഹ്ലാദാരവങ്ങളോടെ സ്‌കൂളങ്കണങ്ങളിലേക്ക് വീണ്ടും കുട്ടികളെത്തുകയാണ്. കൊവിഡ് മാഹാമാരിക്കാലത്ത് അന്യമായിപ്പോയ സൗഹൃദങ്ങളുടേയും സന്തോഷങ്ങളുടേയും പരിഭവങ്ങളുടെയുമൊക്കെ അക്ഷര ലോകത്തേക്ക് അവർ തിരികെ എത്തുമ്പോൾ അത് പുതിയൊരു കേരളപ്പിറവിയുടെ സന്തോഷം പകരുന്ന കാഴ്ചയായി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായും അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും രക്ഷിതാക്കളുമെല്ലാം വലിയ ആവേശത്തോടെയാണ് പ്രവേശനോത്സവത്തെ
സ്വീകരിച്ചതെന്നും പീച്ചി ഗവ. ഹയർസെക്കന്റി സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എം ഡെയ്‌സി പറഞ്ഞു. ഹയർസെക്കൻഡറി വിഭാഗത്തിലും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ കെ. വിജയൻ പറഞ്ഞു. പൂർവ്വവിദ്യാർത്ഥി സംഘടനയായ ഒരുമയുടേയും പിടിഎയുടെയും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും എല്ലാവിധ സഹകരണങ്ങളും ലഭിക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ശുചീകരണപ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. രാവിലെ സ്‌കൂൾ കവാടത്തിന് മുന്നിൽ അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിച്ചും സാനിറ്റൈസ് ചെയ്തുമാണ് അവരെ സ്‌കൂൾ അങ്കണത്തിലേക്ക് പ്രവേശിപ്പിച്ചത്. പ്രധാനാധ്യാപിക കെ.എം ഡെയ്‌സി, പ്രിൻസിപ്പൽ കെ വിജയൻ, പീച്ചി എസ്‌ഐ മധു, പിടിഎ പ്രസിഡണ്ട് ചാക്കോ അബ്രഹാം മറ്റ് പിടിഎ പ്രതിനിധികൾ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments