പട്ടിക്കാട്. പീച്ചിറോഡ് ജംങ്ഷനിൽ സർവ്വീസ് റോഡുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന താൽക്കാലിക പ്രവേശന മാർഗവും ഇന്ന് അടച്ചു. അടിപ്പാതയുടെ കോൺക്രീറ്റിങ് പണികൾ നടത്തുന്നതിനായി അടിപ്പാതയിലൂടെയുള്ള പ്രവേശനം നേരത്തെ നിരോധിച്ചിരുന്നു. എന്നാൽ വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് അൽപം മുന്നോട്ട് നീങ്ങി താൽക്കാലികമായി ഒരു സമാന്തര പാത നിർമ്മിച്ചിരുന്നു. അതാണ് ഇന്ന് അടച്ചത്. ഇതോടെ പീച്ചി ഭാഗത്തേക്കും പട്ടിക്കാട് സെന്ററിലേക്കും പോകേണ്ട വാഹന യാത്രക്കാർ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പീച്ചി ഭാഗത്ത് നിന്ന് പട്ടിക്കാട് സെന്ററിലേക്ക്
പോകേണ്ടവർ ബാറിന് മുന്നിലുടെ ചെന്ന് തിരികെ തൃശൂർ പാലക്കാട് സർവ്വീസ് റോഡിലൂടെ പട്ടിക്കാട് സെന്ററിൽ പ്രവേശിക്കണം. തൃശൂർ ഭാഗത്ത് നിന്ന് പീച്ചിയിലേക്ക് പോകേണ്ടവർ മുന്നോട്ട് ചെന്ന് ഹൈവേ അടിപ്പാതയിലൂടെ പാലക്കാട് തൃശൂർ സർവ്വീസ് റോഡിൽ പ്രവേശിച്ച് പീച്ചി റോഡ് ജങ്ഷനിൽ എത്തണം. ഇതോടെ ബസ് സർവ്വീസ് ഉൾപ്പടെയുള്ള വാഹന യാത്രക്കാർക്ക് ഉണ്ടാകുന്ന സമയ നഷ്ടം വളരെ വലുതാണെന്ന് വാഹന ഉടമകൾ പരാതിപ്പെടുന്നു. പെട്രോൾ വിലവർധനവിനെ തുടർന്ന് വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ജനങ്ങൾ ശ്രമിക്കുന്നതിനിടെ ഇത്തരത്തിലുള്ള ഗതാഗത പരിഷ്‌കരണം ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments