ഹൈവേ ജങ്ഷനിലെ അടിപ്പാതയ്ക്കു കീഴിൽ വെള്ളക്കെട്ടൊഴിവാക്കി റോഡ് നിരപ്പാക്കുന്ന പണികൾ തുടങ്ങിയപ്പോൾ
പട്ടിക്കാട്. പീച്ചിയിൽ നിന്നും തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ പട്ടിക്കാട് ബസാർ റോഡിലൂടെയുള്ള സർവ്വീസ് നിർത്തിയതോടെ വിവിധ സ്‌കൂളുകളിലേക്കും ഓഫീസുകളിലേക്കും എത്തേണ്ട വിദ്യാർത്ഥികളും ജനങ്ങളും വലിയ പ്രതിസന്ധിയിലായി. പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാതയ്ക്കു സമീപം ദേശീയപാത കുറുകെ കടക്കുന്നതിന് ഉണ്ടായിരുന്ന പ്രവേശന മാർഗ്ഗം അടച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതു മൂലം പീച്ചിയിൽ നിന്ന് പട്ടിക്കാട് ഭാഗത്തേക്ക് വരേണ്ട ബസുകൾ പട്ടിക്കാട് ബാറിന് മുന്നിൽ നിന്ന് തിരിഞ്ഞ് പാലക്കാടു ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലൂടെ പട്ടിക്കാടേക്ക് കടക്കണം. ഇത് വലിയ ഗതാഗതക്കുരുക്കിനും സമയ നഷ്ടത്തിനും ഇടയാക്കുന്നു. മാത്രമല്ല, ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വലിയ സാമ്പത്തിക നഷ്ടം സഹിച്ച്
സർവ്വീസ് നടത്തുന്ന ബസുകൾക്ക് പ്രതിദിനം ഇതു മൂലമുണ്ടകുന്ന ഇന്ധന ചെലവിലെ വർധന താങ്ങാവുന്നതിലുമപ്പുറമാണെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. രണ്ടു ദിവസമായി ഈ പ്രതിസന്ധി രൂക്ഷമായിട്ടും അധികൃതരാരും വേണ്ട ഇടപെടലുകൾ നടത്തിയില്ല എന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾക്കെന്ന പേരിൽ ദേശീയ പാത അതോറിറ്റിയും കരാർ കമ്പനിയും നടപ്പിലാക്കുന്ന അശാസ്ത്രീയ ഗതാഗതനിയന്ത്രണങ്ങളാണ് ജനങ്ങളെ വലയ്ക്കുന്നത്. രണ്ട് അടിപ്പാതയിലും ഓരേ സമയം പണികൾ നടക്കുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. ഹൈവേ ജങ്ഷനിലെ അടിപ്പാതയ്ക്കു കീഴിലെ വെള്ളക്കെട്ടൊഴിവാക്കാനുള്ള പണികൾ നടക്കുന്നതിനാൽ അതിലൂടെ വാഹനങ്ങൾ വളരെ നിയന്ത്രിച്ചാണ് കടത്തി വിടുന്നത്. ഇവിടെയും പീച്ചി റോഡ് ജങ്ഷനിലും ഒരേ സമയം ഗതാഗത തടസ്സം വരുന്നതോടെ ദേശീയ പാത പൂർണ്ണമായും സ്തംഭിക്കുന്ന നിലയിലാണ്. തിരക്കേറിയ സമയത്ത് വേണ്ടത്ര സൗകര്യങ്ങളൊരുക്കാതെ നടത്തുന്ന ഇത്തരം നിർമ്മാണ പ്രവർത്തങ്ങളാണ് ജനങ്ങളെ ദുരിതതിതിലാക്കുന്നത്. ബസുകൾക്ക് പട്ടിക്കാട്ടേയ്ക്ക് എത്താത്തതോടെ പഞ്ചായത്ത് ഓഫീസിലേക്കും വില്ലേജ് ഓഫീസുകളിലേക്കും ആയുർവ്വേദ, ഹോമിയോ ആശുപത്രികളിലേക്കും ഇലക്ട്രിസിറ്റി ഓഫീസിലേക്കുമൊക്കെ എത്തേണ്ട ജനങ്ങൾ വലിയ കഷ്ടത്തിലായി. അണമുറിയാതെ വാഹനങ്ങൾ പോകുന്ന ദേശീയ പാത കുറുകെ കടന്നു നടന്നു പോകേണ്ടി വരുന്നത് അപകട സാധ്യതയും വർധിപ്പിക്കുന്നു. അതുകൊണ്ട് പഞ്ചായത്തിന്റെയോ ബന്ധപ്പെട്ട അധികൃതരുടെയോ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments