പാണഞ്ചേരിയിലെ മണ്ണിടിച്ചിൽ: ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു

മണ്ണുസംരക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ വാർഡ് മെമ്പർക്കൊപ്പം മണ്ണിടിഞ്ഞ സ്ഥലം പരിശോധിക്കുന്നു.

പട്ടിക്കാട്. ശനിയാഴ്ച രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ പാണഞ്ചേരി കുഴൽക്കിണറിന് സമീപം താമസിക്കുന്ന നിലാവു വീട്ടിൽ എൽ.ആർ വിനുവിന്റെ വീടും മണ്ണിടഞ്ഞ പരിസരവും പരിശോധിച്ച്  റിപ്പോർട്ട് തയ്യാറാക്കാനായി കളക്ടറേറ്റിലെ മണ്ണുസംരക്ഷണ വിഭാഗത്തിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി. ഉദ്യോഗസ്ഥരായ മണ്ണ് സംരക്ഷണ വകുപ്പ് ഓവർസിയർ ജോസഫ്, ഷൈൻ, രാഗേഷ് എന്നിവർ വാർഡ് മെമ്പർ ജയകുമാർ ആദംകാവിലിനൊപ്പം
 
സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വീടിനോട് ചേർന്ന് 12 അടി ഉയരത്തിൽ കെട്ടിയെടുത്ത മുറ്റവും മതിലുമാണ് മഴയിൽ ഇടിഞ്ഞ് വീണത്. നാലടിയോളം ദുരെ സമീപത്തെ പറമ്പിലേക്കാണ് കൽക്കെട്ടും മണ്ണും ഇടിഞ്ഞുവീണിരിക്കുന്നത്. വീടിന്റെ പിൻഭാഗത്ത് വീടിനോട് ചേർന്നുള്ള ഈ ഭാഗം ഇപ്പോഴും ഇടിഞ്ഞ് താഴെയുള്ള പറമ്പിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഇതുമൂലം വീടും അപകടാവസ്ഥയിലാണ്.  മണ്ണിടിച്ചിൽ തുടർന്നാൽ വീട് പൂർണ്ണമായും തകർന്നേക്കുമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തിയിട്ടുണ്ട്. വീടിന്റെ അപകടാവസ്ഥ പരിഹരിക്കണമെങ്കിൽ ഇടിഞ്ഞുപോയ ഭാഗത്ത് കൽക്കെട്ട് പുനർനിർമ്മിച്ച മണ്ണിട്ട ഉറപ്പിച്ച ബലപ്പെടുത്തേണ്ടി വരും. ഇതിനായി രണ്ടു ലക്ഷത്തോളം രൂപയുടെ ചെലവു വരുമെന്നും ഉദ്യോഗസ്ഥർ കണക്കാക്കിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കിയുള്ള റിപ്പോർട്ട് കളക്ടറേറ്റിൽ സമർപ്പിക്കും.  ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ കാര്യവും നഷ്ടപരിഹാരത്തുകയും കാണിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകണമെന്ന് വീട്ടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.




Post a Comment

0 Comments