വിലങ്ങന്നൂർ. പട്ടിക്കാട് കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച സാരേഫാത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിച്ചു. അശരണർക്കും നിരാലംബർക്കും രോഗികൾക്കും താങ്ങും തണലുമേകാനും വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ ആളുകളെ ജീവിതത്തിന്റെ പുതുവഴികളിലേക്ക് കൈ പിടിച്ച് നടത്താനും ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ഇടയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വിലങ്ങന്നൂർ എബനേസ്സർ ചർച്ചിൽ വെച്ച് നടന്ന ചടങ്ങിൽ മാനേജിങ് ട്രസ്റ്റി പാസ്റ്റർ കെ.സി ജോയ് അധ്യക്ഷനായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണം, അനാഥർക്കും രോഗികൾക്കും ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകുക, ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം, സാമ്പത്തിക സാമൂഹിക ദുർബല വിഭാഗങ്ങളുടെ ഉന്നമനം എന്നിവയാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തനോത്ഘാടനത്തിന്റെ ഭാഗമായി അഞ്ച് വൃക്കരോഗികൾക്ക് സാമ്പത്തിക സാഹായവും നൽകി. പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, ഷൈജു കുര്യൻ, രേഷ്മ സജീഷ്, ആരോഗ്യവകുപ്പ് ജില്ല ജൂനിയർ സൂപ്രണ്ടൻറ് മനോജ് എബ്രാഹം, വെള്ളാനിക്കര പ്രാഥമിക ആരോഗ്യകേന്ദ്രം സൂപ്രണ്ടന്റ് ഡോ. ജയന്തി, ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി. മാത്യു, ഇ.യു ജോർജ്ജ്, പാസ്റ്റർമാരായ പി.എം തോമസ്, ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
0 Comments