മണ്ണുത്തി. കാർഷിക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച മോദി സർക്കാരിന്റെ ധിക്കാരപരമായ നിലപാടാണ് നിരവധി കർഷകരുടെ ജീവൻ നഷ്ടപ്പെടുന്നതിനും പാർലമെന്റിന്റെ വിലപ്പെട്ട സമയം പാഴാക്കി കളയുന്നതിനും ഇടയാക്കിയതെന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.സി അഭിലാഷ് പറഞ്ഞു. കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചതിനെ തുടർന്ന് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തിയിൽ നടത്തിയ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിലാഷ്. കരിനിയമങ്ങൾ പിൻവലിക്കില്ലെന്ന ധാർഷ്ട്യമാണ് മോദി സർക്കാർ കാണിച്ചതെങ്കിൽ ഒരു കാരണവശാലും സമരം പിൻവലിക്കില്ലെന്ന ഉറച്ച
തീരുമാനത്തിലായിരുന്നു കർഷക പോരാളികൾ. കുത്തക പ്രീണന നിയമം പാസാക്കാൻ സർക്കാർ കോടികൾ ചെലവിട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി തന്നെ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത് എന്നും അഭിലാഷ് പറഞ്ഞു. കോൺഗ്രസ്സ് ഒല്ലൂക്കര മണ്ഡലം കമ്മറ്റി പ്രസിഡണ്ട് എം.യു.മുത്തു അധ്യക്ഷത വഹിച്ചു. നേതാക്കളായ സണ്ണി വാഴപ്പിള്ളി, ടി.വി.തോമസ്, ജെൻസൻ ജോസ്, ടിറ്റോ തോമസ്സ് ആൽഫ്രഡ് മേനാച്ചേരി, പ്രിൻസ് പുതുശ്ശേരി, മിന്റോ സി ആന്റോ, പ്രവീൺ രാജ്, ജിസൻ സണ്ണി, സഞ്ചു വർഗ്ഗീസ്, നിധിൻ ജോസ്, സി.ഒ.ലാസർ, പി.എഫ്. ബേബി, ബെന്നി, ജോയ് കെ ജെ, വിപിൻ.ഇ.ആർ എന്നിവർ നേതൃത്വം നൽകി. കർഷകരെ ദീർഘകാലം സമരത്തിലേക്ക് തള്ളിവിട്ട കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി കെപിസിസിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ്സ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
0 Comments