വിഷ്ണുവിന്റെ ഓർമ്മകൾക്കായി താണിപ്പാടത്ത് സ്മാരക ശിലാഫലകം

വിഷ്ണുവിന്റെ സ്മാരകശിലാഫലകത്തിന്റെ അനാച്ഛാദനം നിർവഹിച്ച് കെ.പി പോൾ സംസാരിക്കുന്നു

താണിപ്പാടം. ഡിവൈഎഫ്‌ഐ ആയോട് യൂണിറ്റ് സെക്രട്ടറിയും പാണഞ്ചേരി മേഖല കമ്മിറ്റി അംഗവുമായിരുന്ന അന്തരിച്ച വിഷ്ണുവിന്റെ ഓർമ്മകൾക്കായി സിപിഐഎം താണിപ്പാടം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആയോട് ആലിൻചുവട്ടിൽ സ്മാരകശിലാ ഫലകം സ്ഥാപിച്ചു. കാൻസർ ബാധിതനായി 28-ാം വയസ്സിലായിരുന്നു വിഷ്ണുവിന്റെ നിര്യാണം. താണിപ്പാടം ആയോട് ചുണ്ടയിൽ വീട്ടിൽ പുഷ്‌കരന്റെയും ബേബിയുടെയും മകനായ വിഷ്ണു കുട്ടിക്കാലം മുതലേ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു. സിപിഐഎമ്മിലും യുവജനസംഘടനയായ ഡിവൈഎഫഐയിലും നേതൃനിരയിൽ അംഗമായിരുന്നു.
 

നല്ല വായനക്കാരനായിരുന്ന വിഷ്ണു നവമാധ്യമങ്ങളിലും ഇടതുപക്ഷ സൈബർ പ്രചാരണവേദികളിലും സജീവമായിരുന്നു. ജില്ലയ്ക്ക് പുറത്തും സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ സമ്പാദിച്ചു. വിദേശത്ത് ജോലിയിൽ ആയിരിക്കെയാണ് കാൻസർ ബാധിതനാകുന്നത്. തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിലെ ചികിത്സയും മനക്കരുത്തും കൊണ്ട് രണ്ടുവർഷം കാൻസറിനെതിരെ പോരാടിയ വിഷ്ണു 28-ാമത്തെ വയസ്സിൽ 2021 മെയ് 5ന് മരണത്തിന് കീഴടങ്ങി. വിഷ്ണുവിന്റെ സ്മാരക ശിലാഫലകം ഡിവൈഎഫ്‌ഐ മുൻ ജില്ല സെക്രട്ടറിയും സിപിഐഎം ഒല്ലൂർ ഏരിയ സെക്രട്ടറിയുമായ പോൾ അനാച്ഛാദനം ചെയ്തു. പാണഞ്ചേരി എൽസി സെക്രട്ടറി മാത്യു നൈനാൻ, ഡിവൈഎഫ്‌ഐ നേതാക്കളായ  വി.സി സുജിത്ത്, സരുൺ, മനു പുതിയാമഠം തുടങ്ങിയവർ പ്രസംഗിച്ചു. 



Post a Comment

0 Comments