തൊഴിലുറപ്പു തൊഴിലാളികളുടെ ആവശ്യങ്ങൾക്കു നേരെ കേന്ദ്ര സർക്കാർ കണ്ണടയ്ക്കുന്നു: സാവിത്രി സദാനന്ദൻ


കണ്ണാറ. കൊവിഡ് മഹാമാരി തീർത്ത ദുരിത കാലത്ത് തൊഴിലുറപ്പു പണികളിൽ ഏർപ്പെട്ട് ജീവിതം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നവരുടെ ആവശ്യങ്ങൾക്കു നേരെ കേന്ദ്ര സർക്കാർ കണ്ണടയ്ക്കുകയാണെന്ന് സാവിത്രി സദാനന്ദൻ ആരോപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പു തൊഴിലാളികൾ കണ്ണാറ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കേന്ദ്ര സർക്കാർ ഭരണത്തിൻ കീഴിൽ ജനജീവിതം ദുസ്സഹമായെന്നും ഇന്ധനവിലകൾ
 

കുതിച്ചുയർന്നത് ജീവിതത്തിന്റെ സമസ്ത മേഖലകളും തകിടം മറിച്ചുവെന്നും സാവിത്രി സദാനന്ദൻ പറഞ്ഞു.  തൊഴിലുറപ്പു തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, 200 തൊഴിൽ ദിനങ്ങൾ അനുവദിക്കുക, തൊഴിൽ വേതനം 600 രൂപയാക്കുക, തൊഴിലാളികൾക്ക് ജാതി തിരിച്ച് പണം നൽകുന്ന രീതി ഒഴിവാക്കുക, പെട്രോൾ, ഡീസൽ, ഗ്യാസ്, മണ്ണെണ്ണ എന്നിവയുടെ വില വർധനവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തിയത്. എൻആർഇജി വർക്കേഴ്‌സ് യൂണിയൻ പീച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ബാലകൃഷ്ണൻ, ഇ.എം വർഗ്ഗീസ്, എം.പി സാബു, എം.എസ് കുഞ്ഞപ്പൻ, കെ.വി അനിത, ഷൈലജ വിജയകുമാർ സ്വപ്‌ന രാധാകൃഷ്ണൻ, രേഷ്മ സജീഷ് എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments