പട്ടിക്കാട്. അപകടങ്ങൾ ക്ഷണിച്ചു വരുത്തി ഹൈവേയിലെ മൺകൂനയും ചെളിക്കെട്ടും. പട്ടിക്കാട് തമ്പുരാട്ടിപ്പടി ഭാഗത്ത് സർവ്വീസ് റോഡിന്റെ നിർമ്മാണത്തിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നതാണ് ഇപ്പോൾ അപകടക്കെണി ആയിരിക്കുന്നത്. പാതയോരത്ത് കുന്നുകൂട്ടിയിരുന്ന മണ്ണ് മുഴുവൻ ഹൈവേയിലേക്ക് ഒലിച്ചിറങ്ങുകയാണ്. തൃശൂർ ഭാഗത്തേക്കുള്ള പ്രധാന പാതയിൽ പകുതിയിലേറെ ഭാഗവും മണ്ണും ചെളിയുമാണ്. ഇത് എപ്പോൾ വേണമെങ്കിലും വലിയ അപകടത്തിന് ഇടവരുത്താം. ഈ ഭാഗത്ത് സർവ്വീസ് റോഡിന്റെ പണികൾ പൂർത്തിയായിട്ടില്ല. കല്ലിടുക്ക് ഭാഗത്ത് ദേശീയപാതയിലെ ക്രോസ്സിംഗ് അടച്ചിരിക്കുകയുമാണ്. അതുകൊണ്ട് തെക്കുംപാടം, മയിലാട്ടുംപാറ
വഴി പീച്ചിയിലേക്കുള്ള ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെല്ലാം ഈ ഭാഗത്തു വെച്ചാണ് ദേശീയ പാത കുറുകെ കടക്കുന്നത്. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വരുന്ന പാതയിലൂടെ എതിർ ദിശയിൽ മുന്നോട്ട് പോയിട്ടു വേണം വാഹനങ്ങൾക്ക് തെക്കുംപാടം ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലേക്ക് കടക്കാൻ. നിലവിൽ വാഹനങ്ങൾ ഇങ്ങനെ കടന്നുപോകുന്നതു തന്നെ അപകടകരമാണ്. അതിനു പുറമെ ഹൈവേയിൽ മൺകൂനയും ചെളിയും കിടക്കുന്നതുകൊണ്ടുള്ള അവസ്ഥ പറയാനുമില്ല. സ്‌കൂൾ തുറന്ന സമയമായതിനാൽ നടന്നും സൈക്കിളിലുമായി നിരവധി വിദ്യാർത്ഥികളാണ് ഇതുവഴി കടന്നുപോകുന്നത്. വഴുക്കുംപാറയിൽ ദേശീയപാതയിലെ ചെളിയിൽ ബൈക്ക് തെന്നിവീണ് വാഹനത്തിനടിയിൽ പെട്ട് യുവാവ് മരിച്ചത് കഴിഞ്ഞ നവംബർ എട്ടിന് ആയിരുന്നു. ഹൈവേയിൽ നിന്ന് മണ്ണും ചെളിയും നീക്കിയില്ലെങ്കിൽ അപകടങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും. തൊട്ടടുത്തു തന്നെ ഹൈവേ ജങ്ഷനിലെ അടിപ്പാത റോഡിന്റെ പണികൾ നടക്കുന്നുണ്ട്. മണ്ണ് അങ്ങോട്ടു നീക്കി പ്രശ്‌നത്തിന് പരിഹാരം കാണാം. സർവ്വീസ് റോഡിന്റെ പണിക്കായി എടുക്കുന്ന മണ്ണ് മുഴുവൻ അവിടെ നിന്ന് മാറ്റണമെന്നും പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
0 Comments