പട്ടിക്കാട്. വീടിന്റെ ഒരുഭാഗം തകർന്ന് വീണ് അപകടമുണ്ടായ എടപ്പലം വാലുമ്മേൽപറമ്പിൽ ജിജിക്കും കുടുംബത്തിനും സഹായവുമായി പട്ടിക്കാട് ഗവ.ഹയർസെക്കന്ററി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കാറ്റാടീസ്. സഹപാഠികളും സുഹൃത്തുക്കളും സമാഹരിച്ച തുക പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ജിജിക്ക് കൈമാറി. സൗഹൃദങ്ങൾ ബന്ധുത്വത്തേക്കാൾ മഹത്തരമാണെന്നും, ബന്ധത്തിന് സമ്പത്ത് അടിത്തറയാകാത്തത് സുഹൃത് കൂട്ടായ്മകളിൽ മാത്രമാണെന്നും പ്രസിഡന്റ് പറഞ്ഞു. നവംബർ 11ന് ആണ് ജിജിയുടെ വീടിന്റെ ഒരുഭാഗം ഇടിഞ്ഞു വീണത്. ജിജിയുടെ അച്ചൻ ഗോപിക്ക് ഓടും പട്ടികയുമൊക്കെ തലയിൽ വീണ് മുറിവേറ്റിരുന്നു. സലൂൺ
ജീവനക്കാരനായ ജിജിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യ പ്രിയയും അപകടസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഇവരുടെ രണ്ടു മക്കൾ വീട്ടിലുണ്ടായിരുന്നെങ്കിലും അപകടത്തിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു. ജിജിക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. ലൈഫ് മിഷനിൽ വീടു ലഭിക്കാനായി പാണഞ്ചേരി പഞ്ചായത്തിൽ രണ്ടു വർഷം മുമ്പ് അപേക്ഷ നൽകിയിരുന്നതായും ഇതുവരെയും നടപടികൾ ഒന്നുംമായിട്ടില്ലെന്നും ജിജി പറഞ്ഞു. വില്ലേജിലും പഞ്ചായത്തിലും അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. കാറ്റാടീസ് കൂട്ടായ്മ പ്രസിഡന്റ് ഷിബു, സെക്രട്ടറി എബി എന്നിവർ സംസാരിച്ചു.
0 Comments