ഭൂമി തിരിച്ചുപിടിക്കുന്നതിനെതിരെ പാത്രക്കണ്ടത്ത് നാട്ടുകാർ സമരത്തിൽ


പാത്രക്കണ്ടം. 1991ൽ ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞ് കൈവശക്കാരന് ജണ്ടയിട്ട് തിരിച്ചുകൊടുത്ത ഭൂമി തിരിച്ചുപിടിക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പാത്രക്കണ്ടം നിവാസികൾ പ്രത്യക്ഷ സമരം ആരംഭിച്ചു. പട്ടയം നൽകുന്നതിന്റ ഭാഗമായി ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നതിന് ഇടയാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ കക്ഷികളുടെ നേതൃത്വത്തിൽ നാട്ടുകാർ സമരം ആരംഭിച്ചിട്ടുള്ളത്. ഇതേ തുടർന്ന് വനഭൂമിയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പട്ടയമില്ലാത്ത ഭൂമി
 

ജണ്ടയിട്ട് തിരിച്ചു പിടിക്കാനുള്ള വനം വകുപ്പിന്റെ നടപടികൾ തൽക്കാലം നിർത്തിവെച്ചു. ഇന്ന് കാലത്ത് ഭൂമി ജണ്ടയിട്ട് അതിരു നിശ്ചയിച്ച് തിരിച്ചുപിടിക്കാനായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നലെ  റവന്യൂ മന്ത്രി കെ. രാജനും വനംവകുപ്പ് അധികൃതരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് നടപടികൾ തൽക്കാലം നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് ജനങ്ങളെ മുഴുവൻ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള നടപടിക്ക് വനംവകുപ്പ് തയ്യാറായത്. ഇയാൾ വിൽക്കാൻ ശ്രമിച്ച രണ്ട് ഏക്കർ 60 സെന്റ് ഭൂമിയിൽ 35 സെന്റ് ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞെങ്കിലും പട്ടയമില്ലാത്ത ഭൂമിയായിരുന്നു. വനഭൂമിയോട് ചേർന്നുകിടക്കുന്നതിനാൽ ഭൂമിയുടെ അതിര് നിശ്ചയിക്കുന്നതിന് വനം വകുപ്പിന്റെ എൻഒസി ആവശ്യമുണ്ടായിരുന്നു. പട്ടയമില്ലാത്ത ഭൂമി എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കുന്നതിന് തടസ്സമില്ലെന്നുള്ള സത്യവാങ്മൂലം നൽകിയെങ്കിലേ എൻഒസി നൽകൂ എന്ന് അധികൃതർ നിർദ്ദേശം നൽകി. നാട്ടുകാർ ഇതിനെ എതിർത്തെങ്കിലും എതിർപ്പിനെ അവഗണിച്ച് ഇയാൾ വനം വകുപ്പിന് സത്യവാങ്മൂലം നൽകിയിരുന്നു. തുടർന്നാണ് ഭൂമി ജണ്ടയിട്ട് തിരിച്ചുപിടിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. ഇത്തരമൊരു നടപടി വന്നാൽ പതിറ്റാണ്ടുകളായി റബ്ബർ ഉൾപ്പെടെ വിവിധ കൃഷികൾ നടത്തിവരുന്ന, പട്ടയമില്ലെങ്കിലും ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞ തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നതിന് ഇടയാകും എന്ന് നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ പാത്രക്കണ്ടത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്ന സംയുക്ത സമരം സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കർഷകനായ ബെന്നി ഊന്നുപാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. കെ.എ അബൂബക്കർ, കർഷകരായ ദേവസ്യ, ഷിജു എന്നിവർ നേതൃത്വം നൽകി.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments