വിലങ്ങന്നൂരിൽ വീട്ടുവളപ്പിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപെടുത്തി


പട്ടിക്കാട്.
വിലങ്ങന്നൂർ പായ്ക്കണ്ടത്ത് കക്കാട്ടിൽ മോഹനന്റെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷപെടുത്തി. മോഹനന്റെ അയൽവാസിയായ അരിക്കുഴി തോമസ് ആണ് വെള്ളിയാഴ്ച രാവിലെ വീട്ടുകാർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിൽ കാട്ടുപന്നിയെ കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ വാർഡ് മെമ്പർ ഷൈജു കുര്യൻ സ്ഥലത്തെത്തി വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് മന്ദാമംഗലം 


ഫോറസ്റ്റ് സ്‌റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിനോയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ റസ്‌ക്യൂ വാച്ചർ ശ്രീക്കുട്ടനും, വാച്ചർമാരായ രഞ്ജിത്ത്, രവി, സണ്ണി എന്നിവരും ചേർന്ന് പന്നിയെ സാഹസികമായി കിണറ്റിൽ നിന്നും പിടികൂടുകയായിരുന്നു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിലെ വിളകൾ എല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നതും പതിവാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ കർഷകർ ദുരിതത്തിലുമാണ്. ഇതിനൊരു പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് നാട്ടുകാർ പറഞ്ഞു.





Post a Comment

0 Comments