പട്ടിക്കാട്. കുതിരാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ ഗതാഗത പരിഷ്‌കരണവുമായി പീച്ചി പോലീസ്. വ്യാഴാഴ്ച രാവിലെ ട്രയൽ റൺ നടത്തി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിനുള്ളിലൂടെ കടത്തി വിട്ടെങ്കിലും വൈകിട്ടോടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയായിരുന്നു. ഇതിന് പ്രധാന കാരണം വഴക്കുംപാറ വരെ മൂന്ന് വരിയായി വരുന്ന വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ പെട്ടെന്ന് ഒറ്റവരി പാതയിലേക്ക് കയറാൻ ശ്രമിക്കുന്നതായിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് പീച്ചി പോലീസിന്റെ നേതൃത്വത്തിൽ
പുതിയ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കുന്നത്. ഇതിനായി തൃശൂർ ഭാഗത്ത് നിന്നും വരുന്ന ചെറു വാഹനങ്ങളെ ചുവന്നമണ്ണ് പാലത്തിന് സമീപത്ത് നിന്നും മൂന്നുവരി പാതയുടെ വലതു വശം ചേർന്നും കണ്ടെയിനർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളെ ഇടതു വശം ചേർന്നും രണ്ടുവരിയായി കൊണ്ടുവന്ന് വഴക്കുംപാറയിൽ എത്തുമ്പോൾ ഒറ്റവരിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. മൂന്ന് വരി പാതയുടെ നടുവിൽ ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലും വാഹനങ്ങളുടെ നീണ്ടനിര ഉണ്ടായിരുന്നെങ്കിലും ഗതാഗതം നിയന്ത്രണ വിധേയമാണെന്ന് പീച്ചി സിഐ എസ് ഷുക്കൂർ അറിയിച്ചു. ഒറ്റവരി പാതയിലേക്ക് വാഹനങ്ങൾ പ്രവേശിച്ചാൽ മറ്റു തടസങ്ങൾ ഒന്നും കൂടാതെ മുന്നോട്ട് പോകാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
0 Comments