കർഷകരുടെ കാത്തിരിപ്പ് നീളുമോ? ബനാന ആന്റ് ഹണി പാർക്കിന്റെ കെട്ടിട സമുച്ചയ ഉദ്ഘാടനം നടന്നിട്ട് ഒമ്പത് മാസങ്ങൾ


പട്ടിക്കാട്. കണ്ണാറ ബനാന ആന്റ് ഹണി പാർക്കിന്റെ കെട്ടിട സമുച്ചയ ഉദ്ഘാടനം നടന്നിട്ട് മാസങ്ങളായി. ഇതുവരെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനാവശ്യമായ യന്ത്രസാമഗ്രികൾ പാർക്കിൽ സ്ഥാപിക്കാത്തതും പാർക്കിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതും കർഷകരിൽ ആശങ്ക ഉളവാക്കുന്നു. നിർമ്മാണം പൂർത്തീകരിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ  നിർവ്വഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒൻപത് മാസമായിട്ടും മറ്റ്
 
പുരോഗമന പ്രവർത്തനങ്ങൾ ഒന്നും നടക്കാത്തതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.  നേന്ത്രവാഴ കൃഷിയുടെ ഒരു സീസണും കൂടി കഴിഞ്ഞതോടെ ആ പ്രതീക്ഷയും നഷ്ടപ്പെട്ട ആവസ്ഥയിലാണ് കർഷകർ. ആധുനിക യന്ത്രസമാഗ്രികളോടെ പ്രവർത്തിക്കുന്ന ഈ അഗ്രോ പാർക്ക് ഇന്ത്യയിലെ തന്നെ ആദ്യത്തേതാണെന്നും 2021 ഏപ്രിൽ മാസത്തോടെ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്നും അന്ന് കൃഷി മന്ത്രിയായിരുന്ന വി.എസ് സുനിൽകുമാർ പറഞ്ഞിരുന്നു. അന്താരാഷ്ട്ര ടെണ്ടർ നടത്തി മികച്ച യന്ത്രങ്ങൾ അഗ്രോപാർക്കിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതുവരെയും അതുമായി ബന്ധപ്പെട്ട യാതൊരു യന്ത്രസാമഗ്രികളും പാർക്കിൽ എത്തിയിട്ടില്ല. കിഫ്ബിയുടെ 24 കോടി രൂപ സാമ്പത്തിക സഹായത്തോടെയാണ് നിർമ്മാണം നടക്കുന്നത്. 55,000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രധാന പാർക്കും 16,620 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളും ആണ് പദ്ധതിക്കുവേണ്ടി നിർമ്മിക്കുന്നത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു വേണ്ടി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന് ആണ് പാർക്കിന്റെ മേൽനോട്ടം. നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം എന്നിവയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

വാഴപ്പഴം, തേൻ എന്നിവയിൽ നിന്നുമുള്ള മൂല്യവർധിത ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രൊജക്ടുകൾ തയ്യാറാക്കി, മേഖലയിൽ പ്രാവീണ്യമുള്ള സംഘങ്ങളെ കണ്ടെത്തുകയും അതിനാവശ്യമായ യന്ത്രസംവിധാനങ്ങൾ ഉടൻ പാർക്കിൽ സ്ഥാപിക്കുകയും ചെയ്‌തെങ്കിൽ മാത്രമേ കർഷകർക്ക് പ്രയോജനപ്രദമായ രീതിയിൽ പാർക്കിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. അതിനാവശ്യമായ തുടർ നടപടികൾ സ്വീകരിച്ച് സംസ്ഥാനത്തെ ആദ്യത്തെ ബനാന ആന്റ് ഹണി പാർക്ക് യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments