പീച്ചി റോഡ് ജങ്ഷനിൽ ട്രഞ്ച് നിർമ്മാണത്തിനായി നടവഴി അടച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു

പീച്ചി റോഡ് ജങ്ഷനിൽ ട്രഞ്ച് നിർമ്മാണത്തിനായി അടയ്ക്കാൻ ശ്രമിച്ച നടവഴി

പട്ടിക്കാട്. പീച്ചി റോഡ് ജങ്ഷനിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയോട് ചേർന്ന് ദേശീയപാത കുറുകെ കടക്കുന്നതിനുണ്ടായിരുന്ന നടവഴി അടച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.  അടിപ്പാതറോഡിന്റെ പാർശ്വഭിത്തി നിർമ്മിക്കാനായി ട്രഞ്ച് താഴ്ത്തുന്നതിനാണ് വഴി അടച്ചതെന്നാണ് പണികൾക്ക് മേൽനോട്ടം വഹിക്കുന്നവരുടെ വിശദീകരണം. എന്നാൽ  മറ്റു സൗകര്യങ്ങൾ ഒരുക്കാതെ വഴിയടച്ചത് ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പീച്ചി ഭാഗത്തുനിന്ന് വരുന്നവർക്ക്
 
പട്ടിക്കാട് സെന്ററിലേക്കോ പഞ്ചായത്ത് ഓഫീസിലേക്കോ  സ്‌കൂളുകളിലേക്കോ മറ്റ് ആവശ്യങ്ങൾക്കോ പോകണമെങ്കിൽ തിരക്കേറിയ സർവ്വീസ് റോഡിലൂടെ നടന്ന് ഹൈവേ ജങ്ഷനിലൂടെ വേണം അപ്പുറത്തേക്ക് കടക്കാൻ. പീച്ചിയിൽ നിന്നുള്ള ബസുകൾ പട്ടിക്കാട് ബസാർ റോഡിലൂടെ വരാത്ത സാഹചര്യത്തിൽ കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും, പ്രായമായവരും രോഗികളുമുൾപ്പെടെയുള്ളവർ  അണമുറിയാതെ വാഹനങ്ങൾ കടന്നുപോകുന്ന സർവ്വീസ് റോഡിലൂടെ നടന്നു വരുന്നത്  അപകടകരമാണ്.  തൃശൂർ ഭാഗത്തു നിന്നും വന്ന് ഇവിടെ ബസിറങ്ങുന്നവർക്കും  അപ്പുറം കടക്കണമെങ്കിൽ പട്ടിക്കാട് ഹൈവേ ജങ്ഷനിലെ അടിപ്പാതയിലുടെ കടന്ന് പോകണം. പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാത റോഡിന്റെ കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ അതിനടിയിലൂടെ ആളുകൾക്ക് പോകാനും കഴിയില്ല. അടിപ്പാതയിലൂടെ ജനങ്ങൾക്ക് നടന്നുപോകാൻ സൗകര്യമുണ്ടാകുന്നതുവരെയെങ്കിലും നടവഴി അടയ്ക്കരുതെന്നും ബാക്കി ഭാഗത്ത് പണികൾ തുടരുന്നതിന് തടസ്സമില്ലെന്നും സിപിഐഎം ചെമ്പൂത്ര ബ്രാഞ്ച് സെക്രട്ടറി എ. കൃഷ്ണൻകുട്ടി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നിർമ്മാണ കമ്പനി അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന്  പാണഞ്ചേരി പഞ്ചായത്ത്  പ്രസിഡണ്ട് പി.പി രവീന്ദ്രൻ പറഞ്ഞു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments