കുതിരാൻ. വഴുക്കുംപാറയിൽ നിന്ന് കുതിരാൻ തുരങ്കത്തിലേക്കുള്ള റോഡിന്റെ പണികൾ പുരോഗമിക്കവെ ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ തുടങ്ങി. ദേശീയപാതയിൽ ഇരുമ്പുപാലത്തിന് സമീപമുള്ള വില്ലൻവളവു മുതൽ വഴുക്കുംപാറവരെ റോഡിലും പുതിയ പാലത്തിനും നടുവിൽ ട്രാഫിക്ക് ട്യൂബുകൾ സ്ഥാപിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. തുരങ്കങ്ങളുടെ പടിഞ്ഞാറു ഭാഗത്ത് വഴുക്കുംപാറ സെന്റർ വരെയാണ് നിലവിൽ ആറുവരിപ്പാത എത്തിനിൽക്കുന്നത്. അവിടെ നിന്ന്
തുരങ്കമുഖത്തേയ്ക്ക് എത്തേണ്ട റോഡിന്റെ പണികളാണ് ഇപ്പോൾ നടക്കുന്നത്. ഒമ്പത് മീറ്റർ ഉയരത്തിൽ തുരങ്കത്തിലേക്ക് എത്തുന്നതിനായി ഇരു ഭാഗത്തും കോൺക്രീറ്റ് ഭിത്തികൾ ഉയർത്തിയാണ് റോഡിന്റെ നിർമ്മാണം. വഴുക്കുംപാറ അടിപ്പാതയ്ക്ക് മുകളിലൂടെ പോകുന്ന ഈ റോഡിന്റെ പണികൾ കുറേക്കൂടി മുന്നോട്ടുനീങ്ങുന്ന ഘട്ടത്തിൽ ഇപ്പോൾ തുരങ്കത്തിന് സമീപം പഴയ പാതയിലൂടെ പാലക്കാട് ഭാഗത്തേയ്ക്കുള്ള ഗതാഗതം സാധ്യമല്ലാതാകും. റോഡിന്റെ ആ ഭാഗം പൊളിച്ചു നീക്കും. അതിനു പകരമായി രണ്ടാമത്തെ തുരങ്കത്തിന്റെ പണികൾ പൂർത്തിയാകുന്നതു വരെ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളും ഒന്നാം തുരങ്കത്തിലൂടെ തന്നെ കടത്തിവിടേണ്ടി വരും. ഇതിന്റെ ഭാഗമായാണ് വഴുക്കുംപാറ മുതൽ വില്ലൻവളവുവരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി എസിപി കെ.സി സേതുവിന്റെ നേതൃത്വത്തിൽ പോലീസ്, ഗതാഗതം, ഫയർ ആന്റ് റെസ്‌ക്യൂ, പൊതുമരാമത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘം വഴുക്കുംപാറ മുതൽ മമ്മദ് പടിവരെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി ഹമ്പുകൾ സ്ഥാപിക്കുക, ആവശ്യമുള്ള സ്ഥലങ്ങളിൽ റോഡിന്റെ വീതി വർധിപ്പിക്കുക, റോഡരികിൽ ലൈറ്റുകൾ സ്ഥാപിക്കുക എന്നിവ പൂർത്തിയാക്കി ട്രയൽ റൺ നടത്തിയതിനു ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കരാർ കമ്പനിക്ക് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
0 Comments