പട്ടിക്കാട്. കുതിരാനിൽ നടപ്പിലാക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സ്ഥാപിച്ച ട്രാഫിക് ട്യൂബുകളിൽ ചിലത് തകർന്നു. തുരങ്കത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലുള്ള റോഡുകളിൽ സ്ഥാപിച്ചിരുന്ന ട്യൂബുകളാണ് തകർന്നത്. ട്രാഫിക് ട്യൂബുകളിൽ ചിലത് ഒടിഞ്ഞ നിലയിലും, റോഡിൽ ഉറപ്പിച്ചിരുന്നവ ഇളകി തെറിച്ച നിലയിലുമാണ്. ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടത്തി വിടുന്നതിനായി മൂന്ന് വരി പാതയുടെ നടുവിലായി ട്യൂബുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ വീതി കുറഞ്ഞ ഈ ഭാഗങ്ങളിൽ വെച്ച് മുന്നിൽ പോകുന്ന വാഹനത്തെ മറികടക്കുന്നത് അനുവദനീയമല്ല. മാത്രവുമല്ല ആദ്യമായി കുതിരാൻ തുരങ്കത്തിന് സമീപം എത്തിച്ചേരുന്ന വാഹന യാത്രക്കാർ തുരങ്കത്തിന്റെ വീഡിയോ മൊബൈൽ ഫോണുകളിൽ പകർത്തുന്നതിനായി വേഗത കുറച്ച് പോകുന്നത് ഇവിടുത്തെ പതിവ് കാഴ്ചയുമാണ്. ഇത് ആംബുലൻസുകൾക്കും സമയം ക്രമീകരിച്ച് കടന്നുപോകുന്ന ബസുകൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതിയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോഴോ, അശ്രദ്ധമായി വാഹനം ഓടിക്കുന്നതു മൂലമോ ആകാം ട്രാഫിക് ട്യൂബുകൾ തകർന്നിട്ടുള്ളത് എന്ന് അധികൃതർ പറഞ്ഞു.
0 Comments