കുതിരാൻ. കഴിഞ്ഞ മൂന്നു ദിവസമായി നടപ്പാക്കിയിരിക്കുന്ന ഗതാഗതനിയന്ത്രണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. പുതിയ ഗതാഗത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കുതിരാനിൽ എത്തിയതായിരുന്നു റവന്യൂ മന്ത്രി കെ. രാജൻ. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, ജില്ല കളക്ടർ ഹരിത വി. കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒന്നാം തുരങ്കത്തിലൂടെ തന്നെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത് പ്രദേശത്ത് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. ഇന്നലെയും ഇന്നുമായി കുതിരാൻ തുരങ്കത്തിന് മുന്നിൽ വെച്ചു തന്നെ രണ്ട് അപകടങ്ങൾ സംഭവിച്ചു. ഇതിന്റെ
പശ്ചാത്തലത്തിലാണ് മന്ത്രിയും ജില്ല കളക്ടറും പോലീസ് കമ്മീഷണറും സ്ഥലത്തെത്തിയത്. ഇപ്പോൾ നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങളുടെ ഫലങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും. വഴുക്കുംപാറ സെന്ററിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കി റോഡിന്റെ വളവ് കുറയ്ക്കാനും, സർവ്വീസ് റോഡ് കയറ്റം കുറച്ച് നിർമ്മിക്കാനും നിർദ്ദേശമുയർന്നു. വൈകീട്ട് നാല് മണി മുതൽ രാത്രി എട്ടു മണിവരെ തിരക്കേറിയ സമയത്ത് തൃശൂർ പാലക്കാട് ഹൈവേയിൽ വലിയ ചരക്കുവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാനും ആലോചനയുണ്ട്. എറണാകുളം. പാലക്കാട് ജില്ലകളിലെ കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി ഇക്കാര്യം ആലോചിക്കുന്നതിന് ജില്ല കളക്ടർ ഹരിത വി കുമാറിനെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ. രാജൻ പറഞ്ഞു. പീച്ചി സിഐ എസ് ഷുക്കൂർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനി അധികൃതർ എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പോലീസിന്റെ സേവനം കുതിരാനിലും വഴുക്കുംപാറയിലുമുണ്ട്.
0 Comments