പാലക്കാട്. ആലത്തൂരിൽ വീട് വിട്ടിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. ഇരട്ടസഹോദരിമാരെയും സഹപാഠികളായ രണ്ട് ആൺകുട്ടികളെയും റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്. ഇവർ പാലക്കാട് ബസ് സ്റ്റാൻഡിലൂടെയും പാർക്കിലൂടെയും നടക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കുട്ടികൾ ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ
തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഒരാളുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതൽ അത് സ്വിച്ച് ഓഫായതായി കണ്ടെത്തി.
കുട്ടികൾ പോയത് ഗെയിം കളിക്കാനാണെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കണ്ടെത്തൽ. ഫ്രീ ഫയർ മൊബൈൽ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നു. നാല് പേരും ഗെയിമിൽ ഒരു സ്‌ക്വാഡ് ആയിരുന്നു. ഫ്രീ ഫയർ ടൂർണമെന്റിൽ പങ്കെടുക്കാനാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയത്. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുട്ടികൾക്ക് കൗൺസലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു.
0 Comments