ജലനിധി: ഗുണഭോക്തൃസമിതികൾക്ക് ചുമതല നൽകണം


പട്ടിക്കാട്. പീച്ചി ജലനിധി പദ്ധതി ഗുണഭോക്തൃ സമിതികളുടെ യോഗം വിളിച്ചു ചേർക്കാൻ ഇന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത എസ്എൽഇസി ഭാരവാഹികളുടെയും ഗുണഭോക്തൃ സമിതി (ബി ജി) ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനമായി. ഗുണഭോക്തൃ സമിതികൾക്ക് കൂടുതൽ ചുമതല നൽകിക്കൊണ്ട് പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കണമെന്ന നിർദ്ദേശം എസ്എൽഇസി  തന്നെ മുന്നോട്ടുവെച്ചിരുന്നു. നവംബർ 10 മുതൽ 21 വരെയുള്ള തിയതിക്കുള്ളിൽ യോഗങ്ങൾ പൂർത്തിയാക്കണം. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർമാരെ കൂടി ഉൾപ്പെടുത്തിയാണ് ഗുണഭോക്തൃസമിതി യോഗം ചേരുക.
 
വെള്ളക്കരം പിരിക്കുന്നതുമായി ബന്ധപ്പെട്ട കണക്കുകൾ, കുടിശ്ശികയുമായി ബന്ധപ്പെട്ട കണക്കുകൾ, അറ്റകുറ്റപ്പണികൾ  തുടങ്ങിയ വിരങ്ങളെ സംബന്ധിച്ച വിശദമായ റിപ്പോർട്ടുകൾ ബി ജി യോഗങ്ങളിൽ തയ്യാറാക്കാനും നിർദ്ദേശമുണ്ട്. നവംബർ 27ന് എസ്എൽഇസി പൊതുയോഗം ചേരും. വെള്ളക്കരം കുടിശ്ശിക വരുത്തുന്നവരുടെ കണക്ഷനുകൾ വിച്ഛേദിക്കാനും കൃത്യമായി തുക അടയ്ക്കുന്നവരെ ഉൾപ്പെടുത്തി ഗുണഭോക്തൃ സമിതികൾ പുനസ്സംഘടിപ്പിക്കാനും നേരത്തെ എസ്എൽഇ.സി തീരുമാനമെടുത്തിരുന്നു. വെള്ളക്കരം പിരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ബി ജി കളെ ചുമതലപ്പെടുത്തിക്കൊണ്ട് ജലനിധിയുടെ ജലവിതരണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്കുള്ള നിർദ്ദേശങ്ങളും നേരത്തെ ഉയർന്നിരുന്നു. നവീകരണ പ്രവർത്തനങ്ങൾക്കായി ഗുണഭോക്താക്കളിൽ നിന്നായി പിരിച്ചെടുത്ത ആറേമുക്കാൽ ലക്ഷത്തോളം രൂപ എസ്എൽഇസിയുടെ പക്കലുണ്ട്. ഓരോ ഗുണഭോക്തൃസമിതിക്കു കീഴിലും ആവശ്യമായ നവീകരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞാൽ എസ്എൽഇസിക്ക് അത് കെ.ആർഡബ്ല്യുഎസ്എ യ്ക്ക് സമർപ്പിക്കാനും നവീകരണത്തിനുള്ള ഫണ്ട് ലഭ്യമാക്കാനും കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്. ജലവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗുണഭോക്തൃസമിതികളുടെ നിയന്ത്രണത്തിലേക്കു കൊണ്ടുവരുന്നത് നിലവിൽ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കി കൊണ്ടുപോകാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ  ചുമതല ഏറ്റെടുത്തു നടത്താൻ ഗുണഭോക്തൃസമിതികൾ തയ്യാറായി മുന്നോട്ടു വരേണ്ടതുണ്ട്. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാന്റിംഗ് കമ്മിറ്റ് ചെയർപേഴ്‌സൺ കെ.വി അനിത, എസ്എൽഇസി പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ, സെക്രട്ടറി ജോസ് കുറ്റിയാനിക്കൽ, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, ജനപ്രതിനിധികൾ, ഗുണഭോക്തൃസമിതി ഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments