ഇന്ധനമായി സിഎൻജി ; പീച്ചി റൂട്ടിൽ ആദ്യ ബസ് ഇറക്കി കാഞ്ഞിരത്തിങ്കൽ

പട്ടിക്കാട്. തൃശൂർ പീച്ചി റൂട്ടിൽ ബസുകളിൽ സിഎൻജി ഇന്ധനമാക്കിയുള്ള മാറ്റത്തിന് തുടക്കമിടുകയാണ് കാഞ്ഞിരത്തിങ്കൽ ബിജു. ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബിജുവിന്റെ മൂന്ന് ബസ്സുകളിലൊന്ന് സിഎൻജി ഇന്ധനമുപയോഗിച്ച് ഇന്നു മുതൽ ഓടിത്തുടങ്ങുകയാണ്. ഡീസൽ വിലവർധനയിൽ ബസ് സർവ്വീസ് മേഖല തകർന്നടിയുന്ന സാഹചര്യത്തിൽ ബിജുവിന്റെ ഈ ചുവടുവെപ്പ് സ്വകാര്യ ബസ് സർവ്വീസ് മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. നാലര ലക്ഷത്തോളം രൂപ ചെലവിലാണ് സിഎൻജിയിലേക്ക് ബസിന്റെ എഞ്ചിൻ കൺവർട്ട് ചെയ്തത്. ആമ്പല്ലൂരിലെ പാലിയേക്കരയിലുള്ള സ്ഥാപനത്തിലാണ് ഇതിന്റെ പണികൾ പൂർത്തിയാക്കിയത്. ഡീസലുമായി തട്ടിച്ചു നോക്കുമ്പോൾ വിലകുറവും 


കൂടുതൽ മൈലേജുമാണ് സിഎൻജിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ഒരു കിലോ സിഎൻജിക്ക് എഴുപത് രൂപയോളമാണ് തൃശൂരിലെ വില. മൈലേജിന്റെ കാര്യത്തിൽ എത്രത്തോളം നേട്ടമുണ്ടാകുമെന്ന് ഇന്നത്തെ സർവ്വീസ് കഴിയുന്നതോടെ മാത്രമേ വ്യക്തമാകൂ എന്ന് ഡ്രൈവർ കണ്ണൻ പറഞ്ഞു. വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രകൃതിവാതകമാണ് സിഎൻജി അഥവാ കംപ്രസ്സ്ഡ് നാച്ച്വറൽ ഗ്യാസ്. രണ്ട് തരത്തിലാണ് പ്രകൃതിവാതകത്തെ വാഹനങ്ങളിൽ ഉപയോഗപ്പെടുത്തുന്നത് എൽഎൻജി (ലിക്വിഫൈഡ് നാച്ച്വറൽ ഗ്യാസ്) ആയും സിഎൻജി ആയും. എൽഎൻജി ഉപയോഗിച്ച് ഓടുന്ന കെഎസ്ആർടിസി ബസ് കേരളത്തിൽ സർവ്വീസ് തുടങ്ങിയിരുന്നു. ചെലവു കുറയുമെന്നു മാത്രമല്ല കൂടുതൽ പരിസ്ഥിതി അനുകൂലവുമാണ് സിഎൻജി. വാഹനം ഓടുമ്പോൾ പുറന്തള്ളുന്ന കാർബൺ മോണോക്‌സൈഡിന്റെ അളവ് ഡീസലിനെ അപേക്ഷിച്ച് 80 ശതമാനത്തോളവും ഹൈഡ്രോ കാർബണിന്റെ അളവ് 44 ശതമാനത്തോളവും കുറയുമെന്നാണ് കണക്കാക്കുന്നത്. പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് തീപിടിക്കാനുള്ള സാധ്യതയും കുറവാണ്. 


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments